കോഴിക്കോട്:കേരള കർഷക തൊഴിലാളിക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2020-21 അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാർച്ച് മാസത്തിൽ സർക്കാർ / എയ്ഡഡ് സ്‌കൂളിൽനിന്നും ആദ്യ അവസരത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർക്ക് സെപ്തംബർ ഏഴിന് വൈകീട്ട് മൂന്ന് മണി വരെ സമർപ്പിക്കാം. അപേക്ഷിക്കുന്ന അംഗം വിദ്യാർത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ 12 മാസത്തെ അംഗത്വകാലവും ഡിജിറ്റലൈസേഷൻ നടപടികളും പൂർത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയിൽ അംഗത്തിന് 24 മാസത്തിൽ കൂടുതൽ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാൻ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. അംഗവും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തിൽ റേഷൻ കാർഡ് ഹാജരാക്കാം.