ചിലര്‍ അറിവുള്ളവരായി നടിക്കും, മോദി അതിലൊരാള്‍; ബി.ജെ.പിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രം: രാഹുല്‍ ഗാന്ധി

ചിലര്‍ അറിവുള്ളവരായി നടിക്കും, മോദി അതിലൊരാള്‍; ബി.ജെ.പിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രം: രാഹുല്‍ ഗാന്ധി

ന്യൂയോര്‍ക്ക്: ചിലര്‍ തനിക്ക് എല്ലാം അറിയാമെന്ന് ഭാവിക്കുകയും അറിവുള്ളവരായി നടിക്കുകയും ചെയ്യും. മോദി അത്തരത്തില്‍പ്പെട്ടവരില്‍ ഒരാളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരക്കാര്‍ ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ദൈവത്തെ വരെ പഠിപ്പിക്കുമെന്നും ബി.ജെ.പിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുന്നത്. അതുവഴി ഭരണഘടനയെയും ആക്രമിക്കുന്നു. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ല. ഇന്ത്യയിലെ ജനങ്ങള്‍ വെറുപ്പില്‍ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നില്‍. അവര്‍ക്ക് ഭരണ സംവിധാനത്തില്‍ സ്വാധീനം ഉണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നു. മാധ്യമങ്ങളില്‍ നിയന്ത്രണമുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതല്ല മാധ്യമങ്ങള്‍ ഇന്ത്യയില്‍ നല്‍കുന്നത്. മാധ്യമങ്ങളില്‍ കാണുന്നത് സത്യമാണെന്ന് കരുതരുതെന്നും രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്ത്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥന്‍മാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചത്. ഭാരത് ജോഡോയില്‍ താന്‍ കണ്ട ആളുകളില്‍ ഭൂരിഭാഗവും സ്‌നേഹിക്കുന്നവരാണ്. എന്‍.ആര്‍.ഐക്കാര്‍ ഇന്ത്യയുടെ അംബാസിഡര്‍മാരാണ്. വനിത സംവരണ ബില്‍ കോണ്‍ഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ബില്‍ പാസാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *