ജില്ലയിലെ നഴ്സുമാരടക്കമുള്ള ആശുപത്രി ജീവനക്കാരുടെ വേതനവര്‍ദ്ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ കാലത്ത് 10 മണിക്ക് കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും, പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ ജൂണ്‍ 12, 13, 14 തിയ്യതികളില്‍ സമ്പൂര്‍ണ്ണ പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ശമ്പളവര്‍ദ്ധനവ് നിലവില്‍ വന്നിട്ട് 5 വര്‍ഷം പിന്നിട്ടിട്ടും പുതിയ മിനിമ വേതനം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് തയ്യാറെടുക്കേണ്ടി വന്നത്.
ജഗദീഷ് പ്രസാദ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, പ്രതിദിന വേതനം 1500 രൂപയാക്കുക, ആശുപത്രി മേഖലയില്‍ കോണ്‍ട്രാക്ട് നിയമനങ്ങള്‍ അവസാനിപ്പിക്കുക , രോഗി- നഴ്സ് അനുപാതം നിയമാനുസൃതം നടപ്പിലാക്കുക, നിലവിലുള്ള ശമ്പളത്തിന്റെ 50 % ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ച് അടുത്ത മാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. കലക്ട്രേറ്റ് ധര്‍ണ്ണ യു .എന്‍ . എ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന് ഷാ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി സുധീപ് എം.വി മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യു.എന്‍.എ ജില്ലാ പ്രസിഡന്റ് ജിഷ്ണു അശോക്, സെക്രട്ടറി മിനി ബോബി, ട്രഷറര്‍ സുധ മധുസൂതനന്, വൈസ് പ്രസിഡന്റ് ഗോകുല്‍ പി.വി, ജില്ലാ ജോ.സെക്രട്ടറി ജോഷി.പി.ജോയ് എന്നിവര്‍ പങ്കെടുത്തു.