തിരുവനന്തപുരം: കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളില്‍ ഇന്നും പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്നും ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ഗോഡൗണുകളാണ് കത്തി നശിച്ചത്. അതിലൂടെ കോടികളുടെ നഷ്ടമുണ്ടായി, തീകെടുത്തുന്നതിനിടെ ഒരു ഫയര്മാന് മരിച്ചു, തീപ്പിടുത്തത്തിന് കാരണമായെന്ന് കരുതുന്ന ടണ്‍കണക്കിന് ബ്ലീച്ചിങ് പൗഡര്‍ ഇപ്പോഴും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. കെമിക്കല്‍ അനാലിസിസി റിപ്പോര്‍ട്ടിനെക്കുറിച്ച് വിവരങ്ങളില്ല. അഴിമതി ആരോപണങ്ങളില്‍ മറുപടിയോ മൂന്നിടത്തും തീപ്പിടുത്തത്തിനുണ്ടായ വ്യക്തമായ കാരണമെന്തെന്നോ പറഞ്ഞിട്ടില്ല. ഇന്ന് എല്ലാത്തിനും മറുപടി പറയാമെന്ന് ഇന്നലെ പറഞ്ഞ മന്ത്രി ഇന്നും മിണ്ടിയില്ല.
ഗോഡൗണുകളില്‍ നിന്ന് മാത്രമല്ല, ആശുപത്രികളില്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലെയും പ്രധാന സ്റ്റോറുകളില്‍ നിന്ന് ബ്ലീച്ചിങ് പൗഡര്‍ മാറ്റാന്‍ ഇതിനിടെ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. എന്നാല്‍, മരുന്നുകളും ബ്ലീച്ചിങ് പൗഡറും വെവ്വേറെ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടിലാണ് മിക്ക ആശുപത്രികളും. ഇവിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. തിരിച്ചെടുക്കാന്‍ പറഞ്ഞ ബ്ലീച്ചിങ് പൗഡര്‍ സ്റ്റോക്ക് കമ്പനികളൊന്നും ഇതുവരെ തിരിച്ചെടുത്തിട്ടില്ല.