മാഹി: സ്‌കൂള്‍ മുറ്റത്തു നിന്നും ബയോ ടോയ്‌ലറ്റ് എടുത്തു മാറ്റാന്‍ മാഹി ഭരണാധികാരികള്‍ തയ്യാറാകണമെന്ന് ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു അധികൃതരോട് ആവശ്യപ്പെട്ടു. വന്‍തുക കൊടുത്തുവാങ്ങിയ ഇവ ഉപകാരപ്രദമാവും വിധം മറ്റൊരിടത്ത് സ്ഥാപിക്കണം. മാഹിയില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ച സ്‌കൂളാണ് മിഡില്‍ സ്‌കൂള്‍. കോവിഡിനു ശേഷം സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സ്‌കൂളില്‍നിന്ന്
ബയോ ടോയ്‌ലറ്റുകളും ബെഡുകളും മാറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ മുറ്റത്ത് കുട്ടികളുടെ കളിസ്ഥലം അപഹരിക്കുന്നരീതിയിലാണ് ബയോ ടോയ്‌ലറ്റുകള്‍ കിടക്കുന്നത്. സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാഹി മിഡില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും ബയോ ടോയ്‌ലറ്റുകള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു മാഹി ഭരണാധികാരികളോട് ആവശ്യപ്പെട്ടു.