പൂര്‍ത്തിയാകാത്ത ചിത്രം പോലെ ഫാദര്‍ മനോജ്

പൂര്‍ത്തിയാകാത്ത ചിത്രം പോലെ ഫാദര്‍ മനോജ്

ചാലക്കര പുരുഷു

തലശേരി:മുപ്പത്തിയഞ്ചാം വയസ്സില്‍ ദേശീയപാതയില്‍വടകരയ്ക്ക് സമീപം മുക്കാളിയില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞുപോയ തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍, കൃസ്തീയ സഭകളുടേത് മാത്രമല്ല തലശ്ശേരിക്കാരുടെയാകെ ഹൃദയം കവര്‍ന്ന വ്യക്തിത്വമാണ്. പ്രശസ്ത ചിത്രകാരനും സാംസ്‌ക്കാരിക വേദികളിലെ പ്രൗഢമായ പ്രഭാഷകനും അതിലേറെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്നു. വരകളിലും വര്‍ണങ്ങളിലും നീരാടിയ മനസ്സിനുടമയായ ഫാ. മനോജ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നിരവധി സ്ഥലങ്ങളില്‍ നടത്തിയിട്ടുണ്ട്. ഒടുവില്‍ പിണറായി പെരുമ ചിത്രകലാ ക്യാംപിലും പങ്കെടുത്തിരുന്നു. കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ വ്യക്തമാക്കുന്നതായിരുന്നു രചനകളിലേറെയും. പുസ്തകങ്ങള്‍ ഈ വൈദികന്റെ ദൗര്‍ബല്യമായിരുന്നുവെന്ന് പറയാം. പരന്ന വായനക്കാരനായിരുന്നു അദ്ദേഹം. ചെറു സംഭാഷണങ്ങളില്‍ പോലും വാക്കുകളുടെ വിശുദ്ധി നിറഞ്ഞു നിന്നിരുന്നു.
അടുത്തിടെ തലശ്ശേരിയില്‍ പടയണിയുടെ സുവനീര്‍ പ്രകാശനത്തോടനുബന്ധിച്ച് കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്ത മാധ്യമ സെമിനാറില്‍ ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ നടത്തിയ പ്രഭാഷണം കേട്ടവരാരും മറക്കില്ല. മാധ്യമ ചരിത്രം തൊട്ട് പുതുകാലത്ത് മാധ്യമ ലോകം നേരിടുന്ന വെല്ലുവിളികളത്രയും അവതരിപ്പിക്കപ്പെട്ടപ്പോള്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികളടക്കം കാതുകൂര്‍പ്പിച്ചിരുന്നു.
ജഗന്നാഥ ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവകാലത്ത് നടന്ന ആദ്ധ്യാത്മിക പ്രഭാഷണം, ഗുരു സന്ദേശങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. എല്ലാറ്റിനുമപ്പുറം അദ്ദേഹം ഒരു വലിയ മനുഷ്യസ്‌നേഹിയായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എവിടെ കണ്ടാലും പരിചയം പുതുക്കുന്ന പ്രകൃതം. വിജ്ഞാനം തുളുമ്പുന്ന മൊബൈല്‍ സന്ദേശങ്ങള്‍. പ്രായം കുറഞ്ഞവരോട് പോലും ബഹുമാനത്തോടെയുള്ള പെരുമാറ്റം. സാന്‍ ജോസ് സ്‌കൂള്‍ മാനേജരായിരുന്ന ഫാദര്‍ മനോജ്, കുട്ടികള്‍ക്കെല്ലാം പിതൃസമാനനായിരുന്നു.
ഇന്നലെ വൈകീട്ട് സാന്‍ ജോസ് സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒഴുകിയെത്തിയ ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍, ദുഃഖഭാരത്താല്‍ വിതുമ്പുകയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആദ്ധ്യാത്മിക രംഗത്തുള്ളവരും കലാകാരന്മാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 വരെ എടൂര്‍ മരുതാവിലെ ഒറ്റപ്ലാക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് എടൂര്‍ സെന്റ്മേരീസ് ഫൊറോന ദേവാലയത്തില്‍ പകല്‍ 2.30വരെയും പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകുന്നേരം മൂന്നിന് സംസ്‌കരിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *