തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ മേഖല ഇടവക മോഡറേറ്റര്‍ ഡോ. ധര്‍മ്മരാജ റസാലത്തിന്റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളില്‍ തര്‍ക്കം. ബിഷപ്പിന്റെ വിരമിക്കല്‍ പ്രായം ഉര്ത്തിയെന്ന സി.എസ്.ഐ സഭയുടെ ഔദ്യോഗിക വിശദീകരണത്തിനെതിരേ സി.എസ്.ഐ ട്രിവാന്‍ഡ്രം പീപ്പിള്‍സ് ഫെല്ലോഷിപ്പ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തി. ദക്ഷിണമേഖല സി.എസ്.ഐ സഭയുടെ ബിഷപ്പിന്റേയും വൈദികരുടേയും വിരമിക്കല്‍ പ്രായം 67ല്‍ നിന്നും 70 ആക്കാന്‍ സിനഡ് തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് വിവിധ സംസ്ഥാനങ്ങളിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. നിലവില്‍ ബിഷപ്പ് ധര്‍മ്മരാജ റസാലത്തിന് 67 വയസ് പൂര്‍ത്തിയായി. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയെന്ന തീരുമാനം ബിഷപ്പ് ഏകപക്ഷീയായി ഉണ്ടാക്കിയ രേഖയെന്നാണ് സി.എസ്.ഐ ട്രിവാന്‍ഡ്രം പീപ്പിള്‍സ് ഫെല്ലോഷിപ്പ് ആരോപിക്കുന്നത്. എന്നാല്‍ സിനഡ് തീരുമാനത്തിനെതിരേ കോടതി വിധികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ ബിഷപ്പ് വിരമിക്കേണ്ടെന്നാണ് എല്‍.എം.എസ് സഭ പറയുന്നത്.