ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍.വി.എസ് 01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 10.42നാണ് ജി.എസ്.എല്‍.വി റോക്കറ്റില്‍ നാവിഗേഷന്‍ ഉപഗ്രഹം വിക്ഷേപിച്ചത്. പറന്നുയര്‍ന്ന് ഏകദേശം 20 മിനിറ്റിനുള്ളില്‍ 251 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് റോക്കറ്റ് ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ ഉപഗ്രഹത്തെ വിന്യസിച്ചതായി ഐ.എസ.്ആര്‍.ഒ അറിയിച്ചു. 2232 കിലോഗ്രാം ഭാരമാണ് നാവിക് ഉപഗ്രഹത്തിനുള്ളത്.
ഇന്ത്യ തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ പ്രോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 1999ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് ജി.പി.എസ് വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ യു.എസ് വിസമ്മതിച്ചതിന് പിന്നാലെയാണ് നാവിക് സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങള്‍ ഐ.എസ.ആര്‍.ഒ ആരംഭിച്ചത്. 2006 ല്‍ ആണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 9 വിക്ഷേപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 7 ഉപഗ്രഹങ്ങളാണ് പ്രവര്‍ത്തനക്ഷമമായി നിലവിലുള്ളത്.
മെച്ചപ്പെട്ട പൊസിഷനിംഗ്, നാവിഗേഷന്‍ തുടങ്ങി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ കണക്കിലെടുത്താണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ദുരന്തനിവാരണം, സൈനികാവശ്യങ്ങള്‍, സമുദ്ര ഗതാഗതം, വ്യോമ ഗതാഗതം, ഭൂപട നിര്‍മ്മാണം, റിസോര്‍സ് മോണിറ്ററിംഗ്,ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ശാസ്ത്രീയ ഗവേഷണം, തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് നാവിക് ഉപയോഗിക്കാം.