ന്യൂഡല്‍ഹി: നൈജീരിയ അനധികൃതമായി പിടിച്ചുവച്ച എണ്ണകപ്പല്‍ മോചിപ്പിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിച്ചുവച്ച കപ്പലിലെ ജീവനക്കാരെയാണ് മോചിപ്പിച്ചത്. പാസ്പോര്‍ട്ടുകള്‍ ഇന്ന് കൈമാറും. എം.ടി ഹീറോയിക് ഇഡൂന്‍ എന്ന കപ്പലാണ് നൈജീരിയ കഴിഞ്ഞ ഒന്‍പത് മാസക്കാലമായി പിടിച്ചുവച്ചത്. മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണ് നിലവില്‍ നൈജീരിയയുടെ തടവില്‍ കഴിയുന്നത്. ഇതില്‍ 10 പേര്‍ ഇന്ത്യന്‍ പൗരന്മാരല്ല. പാസ്പോര്‍ട്ട് തിരികെ ലഭിക്കുന്നതോടെ ഇവര്‍ക്ക് ജന്മനാടുകളിലേക്ക് മടങ്ങാം. എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടന്‍ ഡിക്കോത്ത്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് തടവിലാക്കപ്പെട്ട മലയാളികള്‍.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇക്വിറ്റോറിയല്‍ ഗ്വിനിയയില്‍വച്ചായിരുന്നു കപ്പല്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇതിലെ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ച് തടവിലാക്കി. കഴിഞ്ഞ മാസം 30ന് കപ്പലും ജീവനക്കാരെയും മോചിപ്പിക്കാന്‍ നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരുടെ മോചനം സാദ്ധ്യമാകുന്നത്.