ഇടുക്കി: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ വിട്ട അരിക്കൊമ്പന് കമ്പം ടൗണില്‍. ടൗണിലുണ്ടായിരുന്ന ആളുകളെ അരിക്കൊമ്പന് വിരട്ടിയോടിച്ചു. ടൗണിലെ വാഹനങ്ങള്‍ അരിക്കൊമ്പന് തകര്‍ത്തു. ഓട്ടോറിക്ഷകളാണ് കൊമ്പന് തകര്‍ത്തത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പന് പാഞ്ഞോടിയതോടെ ഭയപ്പെട്ട് ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ് .
അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ് ജനവാസ മേഖലയില്‍ അരിക്കൊമ്പന് ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.
ഇന്ന് രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമായതോടെ വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്.