ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ 33 ദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുകയാണ്. സമരം ഇത്ര നീണ്ടുപോകുമെന്ന് കരുതിയില്ലെന്നും സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുമെന്നാണ് കരുതിയിരുന്നത്. ഞങ്ങള്‍ അന്താരാഷ്ട്ര ഗുസ്തി താരങ്ങളാണ്. ഇത് ഞങ്ങളുടെ കരിയറിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ടെന്നും ഗുസ്തിതാരം ബ്ജറംഗ് പുനിയ പറഞ്ഞു.
ഞങ്ങള്‍ എന്തിന് വേണ്ടിയാണ് പോരാടുന്നതെന്ന് അറിയാം. എന്നാല്‍, ഭയപ്പെടുന്നില്ല. ഇനി ഞങ്ങള്‍ക്ക് ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള അവസരങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായി. ഭാവിയില്‍ കോച്ചിങ്ങോ അഡ്മിനിസ്ട്രേഷനോ പോലുള്ള ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള അവസരങ്ങള്‍ ലഭിക്കില്ല. ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുമെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍, കാരണം സത്യസന്ധമായതിനാല്‍ ഞങ്ങള്‍ക്ക് പേടിയില്ല. ഇത് ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സമരമല്ലെന്നും രാജ്യത്ത് സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഒന്ന് സാധാരണക്കാരനുള്ളതും മറ്റൊന്ന് ബ്രിജ് ഭൂഷനെ പോലുള്ള അധികാരമുള്ളവര്‍ക്ക് വേണ്ടിയുള്ളതുമായ നിയമങ്ങള്‍ നിലവിലുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നതെന്ന് ഗുസ്തിതാരം ബ്ജറംഗ് പുനിയ പറഞ്ഞു.