സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ക്കായി അമിത്ഷാ മണിപ്പൂരിലേക്ക്

സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ക്കായി അമിത്ഷാ മണിപ്പൂരിലേക്ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടാമതും സംഘര്‍ഷം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി അമിത്ഷാ മണിപ്പൂരിലെത്തും. മെയ് 29ന് മണിപ്പൂരിലെത്തുന്ന അമിത്ഷാ ജൂണ്‍ ഒന്നുവരെ അവിടെ തുടരും. അമിത് ഷാ മേയ്തി, കുകി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. നേരത്തെ മണിപ്പൂരിലെ അക്രമസാഹചര്യം കൈകാര്യം ചെയ്തില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് കേന്ദ്രം വിലയിരുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് നേരിട്ട് ഇടപെടല്‍ നടത്തുന്നത്.
മേയ്തി സമുദായത്തെ മണിപ്പൂരിലെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മാര്‍ച്ച് 27-നാണ് മണിപ്പൂര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തവിട്ടത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചിരുന്നു. മേയ്തി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയാണ് ഏറ്റുമുട്ടലുകളുടെ അടിസ്ഥാനമെന്ന് അമിത് ഷാ പറഞ്ഞു. ചര്‍ച്ചയിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഭിന്നത പരിഹരിക്കണമെന്ന് ആസാം സന്ദര്‍ശനത്തിനിടെ അമിത് ഷാ ആഹ്വാനം ചെയ്തു. മണിപ്പൂരില്‍ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അക്രമത്തിന് കാരണക്കാരായവരെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മണിപ്പൂര്‍ ജനതയ്ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷ സാഹചര്യത്തിലേക്ക് മാറിയിരുന്നു .മേയ്തി – കുകി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഒരു വിഭാഗം അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മെയ് 4 മുതല്‍ പ്രദേശത്താകെ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രിയായ എന്‍. ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുകികളുടെ ആരോപണം. ഇംഫാലിലും ചുരാചന്ദ്പൂരിലുമെല്ലാം കുകികള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണങ്ങളുണ്ടായി. വീടുകള്‍ തീയിടുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

മണിപ്പൂരിലെ ജനസംഖ്യയില്‍ 64 ശതമാനവും മേയ്തികളാണ്. സംസ്ഥാനത്തെ 10 ശതമാനം ഭൂമി ഇവരുടെ കൈവശമാണ്. മലയോരമേഖലകളില്‍ ഗോത്ര പദവിയില്ലാത്ത മേയ്തികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ മലയോരമേഖലയില്‍ ഭൂമി വാങ്ങാനാകുമെന്ന് അവര്‍ ലക്ഷ്യം വയ്ക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *