ആറ് മാസത്തിനുള്ളില്‍ മാറ്റിയത് 64 ചില്ലുകള്‍; മൈസൂരു – ചെന്നൈ പാതയില്‍ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു

ആറ് മാസത്തിനുള്ളില്‍ മാറ്റിയത് 64 ചില്ലുകള്‍; മൈസൂരു – ചെന്നൈ പാതയില്‍ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു

ചെന്നൈ: ഫ്‌ളാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനുള്ളില്‍ വന്ദേഭാരത് എക്‌സ്പ്രസ്സിന് ചില്ലുകള്‍ മാറ്റിയത് 64 തവണ. മൈസൂരു – ചെന്നൈ പാതയിലെ വന്ദേഭാരത് എക്‌സ്പ്രസ്സിനു നേരെയുള്ള കല്ലേറിലാണ് ചില്ലുകള്‍ തകരുന്നത്. 2022 നവംബര്‍ 11 നാണ് പാതയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്. വന്ദേഭാരത് എക്‌സ്പ്രസിനെതിരായ കല്ലേറ് മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ അധികമാണെന്നാണ് ദക്ഷിണ റെയില്‍വേ വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വന്ദേഭാരതിനെതിരെ കല്ലെറിഞ്ഞവരില്‍ ഏറിയ പങ്കും പ്രായ പൂര്‍ത്തിയാകാത്തവരാണെന്നതാണ് ശ്രദ്ധേയമായ വസ്തുതയെന്നാണ് ദക്ഷിണ റെയില്‍വേ വിശദമാക്കുന്നത്.
80 ശതമാനത്തോളം കല്ലേറും നടന്നിട്ടുള്ളത് ബംഗളുരു ഡിവിഷന് കീഴിലാണെന്നും റെയില്‍വേ അധികൃതര്‍ വിശദമാക്കുന്നു. ബംഗളുരു ഡിവിഷന് കീഴില്‍ നടന്ന സംഭവങ്ങളില്‍ മാത്രമായി 26 വിന്‍ഡോകളാണ് മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുള്ളത്. ഇതില്‍ തന്നെ 10 സംഭവങ്ങള്‍ രാമനഗരയ്ക്കും മാണ്ഡ്യയ്ക്കും ഇടയിലാണ് സംഭവിച്ചിട്ടുള്ളത്. ബാക്കിയുള്ളവ മാലൂരിനും കന്റോണ്‍മെന്റിനും ഇടയിലാണ് സംഭവിച്ചിട്ടുള്ളത്.

ജനുവരി 1 മുതല്‍ മെയ് 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടായ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കല്ലേറ് സംഭവങ്ങള്‍ 45 എണ്ണം മാത്രമാണ്. വന്ദേഭാരതിന്റെ അതേ പാതയില്‍ സഞ്ചരിക്കുന്ന ശതാബ്ദി എക്‌സ്പ്രസിന് നേരെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നും റെയില്‍വേ വിശദമാക്കുന്നു. മറ്റ് ട്രെയിനുകളില്‍ നിന്ന് വിഭിന്നമായ വിന്‍ഡോകളാണ് വന്ദേഭാരതിനെതിരായ കല്ലേറിന് പ്രോത്സാഹനമെന്ന വിലയിരുത്തലാണ് റെയില്‍വേക്കുള്ളത്. ഇത്തരം സംഭവങ്ങളില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ പിടികൂടിയിട്ടുള്ളത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മാത്രമാണെന്നും റെയില്‍വേ വിശദമാക്കുന്നു. ബംഗളുരു ഡിവിഷന് കീഴിലും പിടിയിലായവരില്‍ ഏറിയ പങ്കും 10നും 18നും ഇടയില്‍ പ്രായമുള്ളവരാണ്. വന്ദേഭാരതിന്റെ ഒരു ചില്ല് മാത്രം മാറ്റി വയ്ക്കുന്നതിനായി റെയില്‍വേയ്ക്ക് ചെലവിടേണ്ടി വരുന്നത് 12,000 രൂപയോളമാണ്. ഇതിന് ലേബര്‍ ചാര്‍ജായി 8,000 രൂപയും ആവശ്യമാണ്. 64 ജനലുകള്‍ ഇതിനോടകം മാറ്റിവയ്ക്കുന്നതിനായി ഇതിനോടകം 12,80,000 രൂപയോളമാണ് ദക്ഷിണ റെയില്‍വേ ചെലവിട്ടിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *