കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ജന്മവാര്‍ഷികാഘോഷവും കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണവും 28ന്

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ജന്മവാര്‍ഷികാഘോഷവും കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണവും 28ന്

പാലക്കാട്: കഥകളി സാര്‍വ്വഭൗമനും കലാസാഗര്‍ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മവാര്‍ഷികം ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റിന്റേയും കേന്ദ്ര- സാംസ്‌കാരിക വകുപ്പിന്റേയും സഹകരണത്തോടെ കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ഹാളില്‍ 28ന് കലാസാഗറിന്റെ നേതൃത്വത്തില്‍ നടത്തും. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ത്ഥം കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടക്കും.

28ന് ഞായര്‍ വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന അനുസ്മരണ യോഗത്തില്‍ കെ.ബി രാജ് ആനന്ദ് ( ചെയര്‍മാന്‍ വാഴേങ്കട കുഞ്ചു നായര്‍ ട്രസ്റ്റ് ) ആഘോഷ പരിപാടിയുടെ ആമുഖവും വിശിഷ്ടാതിഥികളെയും കലാസാഗര്‍ പുരസ്‌കൃതരെയും സദസ്സിനു പരിചയപ്പെടുത്തും. ഡോക്ടര്‍ ടി.എസ് മാധവന്‍കുട്ടിയുടെ (പ്രസിഡന്റ് വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ്) അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ യോഗം ഡോക്ടര്‍ എ. വി നാരായണന്‍ (വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം) ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ കെ.ജി പൗലോസ്, (മുന്‍ വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം) വിശിഷ്ടാതിഥിയാകും. വി.രാമന്‍കുട്ടി, എം.ജെ ശ്രീചിത്രന്‍ സ്മൃതിഭാഷണം നിര്‍വഹിക്കും. വി.കലാധരന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് 2023ലെ കലാസാഗര്‍ പുരസ്‌കാരസമര്‍പ്പണം നടത്തും. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും കലാസാഗര്‍ പ്രസിഡന്റ് എം.പി മോഹനന്‍ നന്ദിയും പറയും.

പുരസ്‌കാരസമര്‍പ്പണത്തിനു ശേഷം കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭീഷ്മപ്രതിജ്ഞ ആട്ടക്കഥയില്‍ കഥകളിയിലെ ദേവഭാവം കോട്ടക്കല്‍ ദേവദാസ് ശന്തനു മഹാരാജാവായും, വെള്ളിനേഴി ഹരിദാസന്‍ സത്യവതിയായും, കളിയരങ്ങിലെ നിറ സാന്ന്ധ്യം പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും, യുവ കലാകാരന്മാരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കലാമണ്ഡലം നീരജ് ദാശരാജാവായും വേഷമിടുമ്പോള്‍ അത്തിപ്പറ്റ രവിയും നെടുമ്പുള്ളി രാംമോഹനനും സംഗീതം നല്‍കും. കോട്ടക്കല്‍ വിജയരാഘവനും കലാമണ്ഡലം സുധീഷ് പാലൂരും മേളമൊരുക്കും. കലാമണ്ഡലം ശ്രീജിത്ത് ചുട്ടിയും, ബാലന്‍, രാമകൃഷ്ണന്‍, കുട്ടന്‍ (അണിയറ) തുടങ്ങിയവര്‍ പങ്കെടുക്കുന്ന കഥകളിക്കു ചമയമൊരുക്കുന്നത് വാഴേങ്കട കുഞ്ചു നായര്‍ട്രസ്റ്റ് ആണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *