കോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് (എന്‍.ഐ.ടി.സി) അക്കാദമിക്, ഗവേഷണം, ഉല്‍പ്പന്ന വികസനം എന്നീ മേഖലകളില്‍ സഹകരണം ലക്ഷ്യമാക്കി ഐ.ഐ.ടി ഹൈദരാബാദ്, കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം (കെ.എം.ടി.സി), സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം) എന്നിവയുമായി 2023 മെയ് 23 ചൊവ്വാഴ്ച ധാരണാപത്രം ഒപ്പുവച്ചു.
എന്‍.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി ഹൈദരാബാദ് എന്നിവയുമായുള്ള ധാരണാപത്രം വിജ്ഞാന കൈമാറ്റവും സംയുക്ത ഗവേഷണ സംരംഭങ്ങളും വിഭാവനം ചെയ്യുന്നു. എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും ഐ.ഐ.ടി ഹൈദരാബാദ് ഡയറക്ടര്‍ പ്രൊഫ. ബി.എസ് മൂര്‍ത്തിയും ഒപ്പുവച്ച ധാരണാപത്രം, അക്കാദമിക സഹകരണം വര്‍ധിപ്പിക്കുന്നതിനും സംയുക്ത സംരംഭങ്ങള്‍ക്കുള്ള വഴികള്‍ കണ്ടെത്തുന്നതിനും ഊന്നല്‍ നല്‍കുന്നു. ഈ സഹകരണം അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളില്‍ ഏര്‍പ്പെടാനും സഹകരിക്കാനും നിരവധി അവസരങ്ങള്‍ക്ക് വഴിതെളിയിക്കും. വിദ്യാര്‍ത്ഥി കൈമാറ്റ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്ക് പങ്കാളി സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഈ അവസരം വിദ്യാര്‍ത്ഥികളെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ചുറ്റുപാടുകളിലേക്കും സാംസ്‌കാരിക അനുഭവങ്ങളിലേക്കും കൂട്ടികൊണ്ടുപോകുകയും ആഗോള കാഴ്ചപ്പാടുകള്‍ വളര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യും. എന്‍.ഐ.ടി കാലിക്കറ്റും ഐ.ഐ.ടി ഹൈദരാബാദും സംയുക്തമായി ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കും.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടന്ന മറ്റൊരു പരിപാടിയില്‍, കേരള സര്‍ക്കാര്‍ അധീനതയിലുള്ള പ്രമുഖ ഗവേഷണ-വികസന സ്ഥാപനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റുമായി (CWRDM) എന്‍.ഐ.ടി കാലിക്കറ്റ് ധാരണാപത്രം ഒപ്പുവച്ചു. വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നീ മേഖലകളില്‍ രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സഹകരണത്തിന് ഉദ്ദേശിച്ചുള്ളതാണ് എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവലും ഒപ്പുവച്ച ധാരണാപത്രം. ജലവിഭവ എഞ്ചിനീയറിംഗിലും അനുബന്ധ മേഖലകളിലും സംയുക്ത സഹകരണ ഗവേഷണവും സാങ്കേതിക വികസനവും നടത്തുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. ഈ ധാരണാപത്രം വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തില്‍ സംയുക്തമായി നടത്തുന്ന പരിശീലന പരിപാടികളും ഔട്ട്‌റീച്ച്, എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും വിഭാവനം ചെയ്യുന്നു.
ഇതേ ചടങ്ങില്‍, കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന് (കെ.ഡി.ഐ.എസ്.സി) കീഴില്‍ വരുന്ന കേരള സര്‍ക്കാരിന്റെ മുന്‍നിര സംരംഭമായ കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവുമായി (കെ.എം.ടി.സി) എന്‍.ഐ.ടി കാലിക്കറ്റ് മറ്റൊരു ധാരണാപത്രം ഒപ്പുവച്ചു. മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണ അനുബന്ധ മേഖലകളിലെ നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍.ഐ.ടി.സി-യും കെ.എം.ടി.സി-യും തമ്മില്‍ അര്‍ത്ഥവത്തായതും മൂല്യവര്‍ദ്ധിതവുമായ സഹകരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഐ.ടി കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും കെ.എം.ടി.സി സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ.സി. പത്മകുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഗവേഷണ കണ്ടെത്തലുകളെ പ്രായോഗിക ആപ്ലിക്കേഷനുകളിലേക്കും വാണിജ്യ ഉല്‍പ്പന്നങ്ങളിലേക്കും വിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാന്‍ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. കെ.എം.ടി.സി-യുടെ വ്യവസായ ബന്ധങ്ങളും എന്‍.ഐ.ടി.സി-യുടെ ഗവേഷണ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തുന്നതിലൂടെ, നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകളും ഉപകരണങ്ങളും വിജയകരമായി വിപണിയില്‍ കൊണ്ടുവരാനും, രോഗികള്‍ക്കും ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്കും പ്രയോജനപ്രദമാക്കാനും കഴിയും.