പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി

പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി

കൊച്ചി: പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്. സംഘത്തിലുള്ളവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മകരവിളക്ക് തെളിയുന്നതടക്കം ശബരിമലയിലെ ആചാരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. അതുകൊണ്ടുതന്നെ, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *