കേരളത്തിലെ പ്രീപ്രൈമറി ഉച്ചഭക്ഷണ കണക്ക് പരിശോധിക്കാന്‍ കേന്ദ്രം

കേരളത്തിലെ പ്രീപ്രൈമറി ഉച്ചഭക്ഷണ കണക്ക് പരിശോധിക്കാന്‍ കേന്ദ്രം

തിരുവനന്തപുരം: പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമെന്ന കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം. കണക്ക് പരിശോധിക്കാന്‍ കേന്ദ്രം സംയുക്തസമിതിയെ നിയോഗിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സംഘത്തെ ജില്ലകളിലേക്ക് അയക്കാനാണ് തീരുമാനം.

പ്രധാന്‍ മന്ത്രി പോഷണ്‍ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പി.എം പോഷണ്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്, സമാനമായ ക്രമക്കേടുകള്‍ ആരോപിച്ച് ഈ വര്‍ഷമാദ്യം പശ്ചിമ ബംഗാളില്‍ കേന്ദ്രം പരിശോധന നടത്തിയിരുന്നു. കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി പ്രൈമറി വിഭാഗത്തില്‍ എന്റോള്‍ ചെയ്ത 16.91 ലക്ഷം കുട്ടികളില്‍ 16.69 ലക്ഷം (99 ??ശതമാനം) കുട്ടികളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്നതായാണ് കേരളത്തിന്റെ കണക്ക്. അതേസമയം അപ്പര്‍ പ്രൈമറിയില്‍ എന്റോള്‍ ചെയ്ത 11.45 ലക്ഷം കുട്ടികളില്‍ 10.85 ലക്ഷം (95 ശതമാനം) കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

സ്‌കൂളുകള്‍, ബ്ലോക്കുകള്‍, ജില്ലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളുടെ ആധികാരികത ഉറപ്പാക്കാനായി ജില്ലകളിലേക്ക് കേന്ദ്രം സംഘത്തെ അയക്കുമെന്ന് യോഗത്തിന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *