ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല; മുംബൈ സെഷന്‍സ് കോടതി

ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല; മുംബൈ സെഷന്‍സ് കോടതി

ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്നും പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും സെഷന്‍സ് കോടതി. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വ്യക്തമാക്കി.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയായ വനിതാ ലൈംഗികത്തൊഴിലാളിയെ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടാണ് മുംബൈ സെഷന്‍സ് കോടതിയുടെ ഉത്തരവ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.വി. പാട്ടീല്‍ ആണ് ഉത്തരവിറക്കിയത്.വനിതാ ലൈംഗികത്തൊഴിലാളിയെ ഷെല്‍റ്റര്‍ ഹോമില്‍ ഒരു വര്‍ഷം തടവില്‍ വയ്ക്കാന്‍ മസ്ഗോണ്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ലൈംഗികത്തൊഴിലാളിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്ത് ആയിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ്
ലൈംഗികത്തൊഴിലാളി സെഷന്‍സ് കോടതിയെ സമീപിച്ചത്.

തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി. യുവതി പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടു എന്ന പരാതിയില്ല. അതിനാല്‍ തന്നെ മുന്‍കാല പ്രവൃത്തികളുടെ പേരില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിച്ചു. തടങ്കലില്‍ കഴിയുന്ന യുവതിയെ ഉടന്‍ മോചിപ്പിക്കാനും സെഷന്‍സ് കോടതി വിധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *