മാഹി: വിദ്യാഭ്യാസ മേഖലയില്‍ ഒറ്റയടിക്ക് സി.ബി.എസ്.ഇ പാഠ്യപദ്ധതി നടപ്പിലാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശങ്ക.
മാഹിയില്‍ ഈ അധ്യയനവര്‍ഷം 6 മുതല്‍ 9 വരെയും പ്ലസ് വണ്‍ ക്ലാസുകളിലും സി.ബി.എസ്.ഇ സിലബസ്സ് നടപ്പിലാക്കുകയാണ്. ഒറ്റയടിക്ക് മുഴുവന്‍ ക്ലാസുകളിലേക്കും സിലബസ് നടപ്പിലാക്കുമ്പോള്‍, വളരെയേറെ ആശങ്കയോടെയാണ് പലരും ഇതിനെ നോക്കി കാണുന്നത്.
സാധരണ സിലബസ് പരിഷ്‌കാരം ഒരു ക്ലാസ്സില്‍ നടത്തി. ഓരോ വര്‍ഷം കൂടുംതോറും ഘട്ടം ഘട്ടമായി ഉയര്‍ന്ന ക്ലാസുകള്‍ വരെ വ്യാപിപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഇവിടെ കഴിഞ്ഞ വര്‍ഷം വരെ കേരള സ്റ്റേറ്റ് സിലബസ് പഠിച്ച കുട്ടികള്‍ക്ക് പെട്ടെന്നുള്ള ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇത് കൂടുതല്‍ ബാധിക്കും. ഈ മേഖലയില്‍ ഉള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചില ഇളവുകള്‍ കൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതും ഒരു വിവേചനമാണ്. ഈ മാറ്റം ഇപ്പോള്‍ മാത്രം പരിശീലനം ലഭിച്ചുകൊണ്ടിച്ചിരിക്കുന്ന ഈ മേഖലയിലെ അധ്യാപകര്‍ പോലും ഉള്‍ക്കൊണ്ടുവരുന്നേയുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.