പാമ്പാടി: പി.എസ്.സി പരീക്ഷക്കുപോയി ബ്ലോക്കില്‍ കുടുങ്ങിയ പൊന്‍കുന്നം സ്വദേശിനിയായി യുവതിക്ക് രക്ഷകരായി പാമ്പാടി പോലിസ്. കഴിഞ്ഞ ശനിയാഴ്ച്ച ആലാമ്പള്ളി പി.വി.എസ് ഗവ. എച്ച്.എസില്‍ പി.എസ്.സി ടെസ്റ്റിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതി ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്നു പോവുകയും തിരിച്ച് വീട്ടിലെത്തി ഹാള്‍ ടിക്കറ്റുമായി സെന്റ് ജോര്‍ജ് ബസില്‍ കയറി യാത്ര തുടരുകയുമായിരുന്നു. ഏറെ വൈകിയതിനാല്‍ ബസ് ജീവനക്കാരോട് വിവരം പറയുകയും അവര്‍ വളരെ വേഗം പരീക്ഷ നടക്കുന്ന ആലാമ്പള്ളില്‍ എത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ബസ് കൊടുങ്ങൂരില്‍ എത്തിയപ്പോള്‍ ഏതോ റാലി നടക്കുന്നതിനാല്‍ വഴി മുഴുവന്‍ ബ്ലോക്കായിരുന്നു. തുടര്‍ന്ന് ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ ദീപു ബാലകൃഷ്ണന്‍, പാമ്പാടി എസ്.ഐ ലെബി മോനെ ഫോണില്‍ ബന്ധപ്പെടുകയും പോലിസ് വാഹനം വാഴൂരില്‍ എത്തുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ ലെബി മോന്‍ ബിജു ഏബ്രഹാം, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ദയാലു എന്നിവര്‍ പെണ്‍കുട്ടിയെ കൃത്യ സമയത്ത് പരീഷാ ഹാളില്‍ എത്തിക്കുകയും ചെയ്തു. പരീഷാ ഹാളിലേക്ക് മുന്‍കൂട്ടി പാമ്പാടി സ്റ്റേഷനിലെ എസ്.ഐ ഷാജി എന്‍.ടി , സി.പി.ഒ രാംകുമാര്‍ എന്നിവരെ അയച്ചിരുന്നു. വളരെ പെട്ടന്ന് പരീക്ഷാ ഹാളില്‍ കയറിയ കുട്ടിയുടെ പേരോ, വിലാസമോ തിരക്കാന്‍ പോലും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലായെങ്കിലും നല്ലൊരു പ്രവര്‍ത്തി ചെയ്ത മനഃസന്തേഷത്തോടെ അവര്‍ വീണ്ടും ഡ്യൂട്ടിയില്‍ മുഴുകി.