രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് സ്ഥിരതയില്ല; കൈയിലുള്ള നോട്ടുകള്‍ എപ്പോള്‍ അസാധുവാകുമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് സ്ഥിരതയില്ല; കൈയിലുള്ള നോട്ടുകള്‍ എപ്പോള്‍ അസാധുവാകുമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പൗരന്മാര്‍ക്ക് നോട്ടുകള്‍ വിശ്വാസിച്ച് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥയാണ് ഇതിലൂടെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈയിലുള്ള ഏതു നോട്ടുകളും എപ്പോഴാണ് അസാധുവാകുന്നത് എന്നറിയാന്‍ പറ്റാത്ത, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ബാലഗോപാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര ഗവണ്‍മെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30-നകം കയ്യിലുള്ള 2000 ത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറണം എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ശേഷം ഈ നോട്ടിന്റെ ഉപയോഗമേ ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കുന്നത്. ക്ലീന്‍ പോളിസിയുടെ ഭാഗമായി നേരത്തേ പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുന്നു എന്നേയുള്ളൂ എന്നാണ് റിസര്‍വ്വ് ബാങ്കിന്റെ പക്ഷം.
എന്നാല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യം പുറത്തുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥ വരുന്നു.
എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാന്‍ പറ്റാത്ത, ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറി വരുന്നേയുള്ളൂ. വീണ്ടും ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *