കൊല്ലം: വളര്‍ത്തുമൃഗങ്ങളേയും വിവിധ ഇനങ്ങളില്‍പ്പെട്ട പക്ഷികളുടെ മുട്ടകള്‍ കാണാനും പഠിക്കാനും മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലേക്ക് നിരവധി ആളുകളാണ് എത്തുന്നത്. സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയിന്റ്, ഗ്രേ ജയിന്റ്, ന്യൂസിലാന്‍ഡ് വൈറ്റ് ഇനങ്ങളിലെ മുയലുകള്‍, ഗ്രാമശ്രീ, ബി.വി ത്രീ ഇനത്തിലെ മുട്ടക്കോഴികള്‍ എന്നിവയ്ക്ക് പുറമേ ഒട്ടകപ്പക്ഷി, റിയ, അരയന്നം, വിക്ടോറിയ ക്രൗണ്‍, റ്റിനാമു, സില്‍വര്‍ ഫെസന്റ്, ഗോള്‍ഡന്‍ ഫെസന്റ് തുടങ്ങിയ പക്ഷികളുടെ മുട്ടകള്‍, കന്നുകാലി വളര്‍ത്തലിനു ആവശ്യമായുള്ള അത്യാധുനിക ഉപകരണങ്ങള്‍, കന്നുകാലികള്‍ക്കായുള്ള സി.ഓ ഫൈവ്, റെഡ് നേപ്പിയര്‍, പാരാഗ്രാസ്, സി.ഓ. ത്രീ ഇനങ്ങളിലെ പുല്ലുകള്‍ എന്നിവയും മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുരിയോട്ടുമല ഹൈടെക് ഡയറി ഫാമില്‍ നിര്‍മിച്ച നെയ്യും ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലെ കോഴിമുട്ടയും സ്റ്റാളില്‍ വില്‍പന തുടങ്ങി. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വില്‍പന മെയ് 21 മുതല്‍ ആരംഭിക്കും. 80 ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 140 രൂപയാണ് നിരക്ക്. ടര്‍ക്കി ഫാമിലെ ലാര്‍ജ് വൈറ്റ് ബ്രോണ്‍സ് ഇനത്തില്‍പ്പെട്ട ടര്‍ക്കി കുഞ്ഞുങ്ങളെ വാങ്ങാനും സൗകര്യമുണ്ടാകും.