കൊല്ലം: ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’യുടെ രണ്ടാം ദിവസം ‘നഗരകൃഷിയിലെ നൂതന പ്രവണതകള്‍’ എന്ന സെമിനാറില്‍ കര്‍ഷകര്‍ക്കായി കൈയെത്തും ദൂരത്ത് ഫലങ്ങളും പച്ചക്കറികളും വളര്‍ത്തുന്ന നൂതനമാര്‍ഗങ്ങളെകുറിച്ച് പ്രതിപാദിച്ചത് ശ്രദ്ധേയമായി. സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സി.അജയകുമാര്‍ നിര്‍വഹിച്ചു. വിഷരഹിതവും കുറഞ്ഞ ചെലവിലും പരിമിതമായ സ്ഥലത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നട്ടുവളര്‍ത്തുന്നതിനുള്ള നൂതന സാധ്യതകളെ കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. ഗ്രാഫ്റ്റിങ് തൈകള്‍, ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാനുള്ള ചെടിച്ചട്ടികള്‍ കണ്ടെയ്നേഴ്സ്, ഡ്രമ്മുകള്‍ എന്നിവ തിരഞ്ഞെടുക്കാം. വിവിധ ഡിസൈനിലുള്ള ഭക്ഷ്യ ആരാമങ്ങള്‍, പോഷക പൂന്തോട്ടങ്ങള്‍ സംബന്ധിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അറിവുകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കി. കൂടാതെ ന്യൂസ് പേപ്പര്‍, ചാണകം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവ പ്രയോജനപ്പെടുത്തിയുള്ള മണ്ണില്ലാ കൃഷിയുടെ പ്രത്യേകതകളും വ്യക്തമാക്കി. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ എം.എസ് അനീസ, സമേതി കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ഷിബു കുമാര്‍ ക്ലാസ് കൈകാര്യം ചെയ്തു. ഡി.എസ്.ടി.ആര്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ സി. ഹരീഷ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ. ഷൈന്‍, ജില്ലയിലെ വിവിധ ഓഫിസര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.