ക്ലാസിക് ക്ലാസന്‍, ക്ലാസിക് കോലി

ക്ലാസിക് ക്ലാസന്‍, ക്ലാസിക് കോലി

ഹൈദരാബാദിനെതിരേ ആര്‍.സി.ബിക്ക് എട്ട് വിക്കറ്റ് ജയം. ഹെന്റിച്ച് ക്ലാസനും കോലിക്കും സെഞ്ചുറി

ഹൈദരാബാദ്: രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നലെ ആവേശ രാവായിരുന്നു. രണ്ട് ക്ലാസ് ഇന്നിങ്‌സുകള്‍ക്കാണ് അവര്‍ സാക്ഷ്യം വഹിച്ചത്. ആദ്യത്തേത് ഹെന്റിച്ച് ക്ലാസന്റേതും രണ്ടാമത്തേത് സാക്ഷാല്‍ വിരാട് കോലിയുടേയും. ഇരുവരും സെഞ്ചുറി കൂടി പൂര്‍ത്തിയാക്കിയപ്പോള്‍ അത് ഇരട്ടി മധുരമായി. എന്നിരുന്നാലും മത്സരത്തില്‍ ആര്‍.സി.ബി ജയിച്ചു. വിലപ്പെട്ട രണ്ട് പോയിന്റുകള്‍ സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷ വീണ്ടും സജീവമാക്കി. പോയിന്റ് പട്ടികയില്‍ അവസാനക്കാരായ സണ്‍റൈസേഴ്‌സിന് ഇനി ഒന്നും നഷ്ടപ്പെടാനില്ല. ടോസ് നേടിയ ആര്‍.സി.ബി സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 11 റണ്‍സെടുത്ത അഭിഷോക് ശര്‍മയേയും 15 റണ്‍സെടുത്ത രാഹില്‍ ത്രിപാഠിയേയും ബ്രേസെ്‌വെല്‍ തുടക്കത്തില്‍ തന്നെ മടക്കി. തുടര്‍ന്നായിരുന്ന ക്ലാസന്റെ വരവ്. ഒരു ഭാഗത്ത് തന്റെ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രത്തെ കാഴ്ചക്കാരനാക്കി ക്ലാസന്‍ തന്റെ കാസിക് ഇന്നിങ്‌സിന് തിരിക്കൊളുത്തി. ബാംഗ്ലൂര്‍ ബൗളര്‍മാരെ അതി വിദഗ്ധമായി നേരിട്ട ക്ലാസന്‍ അതിവേഗം സ്‌കോറുയര്‍ത്തി. ഹൈദരാബാദ് സ്‌കോര്‍ 104ല്‍ നില്‍ക്കെ മര്‍ക്രം (18) പുറത്താകുമ്പോള്‍ ക്ലാസന്‍ 58 റണ്‍സ് നേടി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാരിബ്രൂക്ക് (27*) മികച്ച പിന്തുണയാണ് ക്ലാസന് നല്‍കിയത്. 51 പന്തില്‍ എട്ട് ഫോറിന്റേയും ആറ് സിക്‌സിന്റേയും അകമ്പടിയോടു കൂടി 104 റണ്‍സ് നേടിയ ക്ലാസനെ 19ാം ഓവറിന്റെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ഡാക്കുമ്പോള്‍ ഹൈദരബാദ് സുരക്ഷിതമായ നിലയിലെത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഹൈദരാബാദ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുക്കെട്ടായ കോലിയും ഫാഫ് ഡുപ്ലെസിയും ജയിക്കാനുറച്ചു തന്നെയായിരുന്നു ഇറങ്ങിയത്. ഓറഞ്ച് ക്യാപ്പിന് എന്തുക്കൊണ്ടും യോഗ്യന്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഡുപ്ലെസിയുടെ കളിയെങ്കില്‍ വിന്റേജ് കോലിയെ തിരിച്ചു കിട്ടിയതിന്റെ ത്രില്ലിലായിരുന്നു ക്രിക്കറ്റ് ആരാധകര്‍. ക്ലാസന് മറുപടിയായി കോലി മറ്റൊരു ക്ലാസ് പ്രകടനമായിരുന്നു കാത്തുവച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു വെടിക്കെട്ട് ഇന്നിങ്‌സായിരുന്നില്ല കോലിയുടേത്. വളരെ ശ്രദ്ധാപൂര്‍വമാണ് അദ്ദേഹം കളിയെ സമീപിച്ചത്. ബൗണ്ടറികള്‍ക്ക് പുറമേ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിനും കോലി പ്രാധാന്യം നല്‍കി. 63 പന്തില്‍ 100 റണ്‍സ് നേടിയ കോലിയുടെ ഇന്നിങ്‌സില്‍ 12 ഫോറും നാല് സിക്‌സും ഉള്‍പ്പെട്ടിരുന്നു. ആദ്യവിക്കറ്റില്‍ കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 172 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറിലെ അവസാന പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. നടരാജനെറിഞ്ഞ 19ാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ത്രിപാഠിക്ക് ക്യച്ച് നല്‍കി 47 പന്തില്‍ 71 റണ്‍സുമായി ഡുപ്ലെസിയും മടങ്ങി. ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും (5*) ബ്രേസ്‌വെല്ലും (4*) നഷ്ടങ്ങളില്ലാതെ 19.2 ഓവറില്‍ ആര്‍.സി.ബിയെ എട്ട് വിക്കറ്റ് വിജയത്തിലേക്കെത്തിച്ചു. വിരാട് കോലിയാണ് കളിയിലെ താരം. ജയത്തോടു കൂടി പോയിന്റേ ടേബിളില്‍ മുംബൈയെ മറികടന്ന് നാലാമതായി എത്താനും ബാംഗ്ലൂരിന് കഴിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *