ഹോം ഗ്രൗണ്ടില്‍ റയലിനെ തരിപ്പണമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജൂണ്‍ 10ന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍മിലാനെ നേരിടും
മാഞ്ചസ്റ്റര്‍: ഹോംഗ്രൗണ്ടില്‍ ഇലക്ട്രിസിറ്റിയായി മാഞ്ചസ്റ്റര്‍ സിറ്റി. റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമിഫൈനലില്‍ അവര്‍ തരിപ്പണമാക്കിയത്. ശരിക്കും ഷോക്കേറ്റ അവസ്ഥയിലായിരുന്നു മാഡ്രിഡ്. ഒന്ന് ചിന്തിച്ച് തീരുന്നതിന് മുന്നേ വല നിറയയെ ഗോളുകള്‍. ആദ്യപാദ സെമിഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 1-1 സമനിലയില്‍ പിരിയേണ്ടി വന്നതിന്റെ സമ്മര്‍ദത്തിലായിരുന്നു റയല്‍ മാഞ്ചസ്റ്ററിലെത്തിയത്. എന്നാല്‍ ഇവിടെ അവരെ കാത്തിരുന്നത് കൊടുങ്കാറ്റായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റയലിനെ നിര്‍ദാക്ഷിണ്യത്തോടു കൂടിയാണ് സിറ്റി നേരിട്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിലെ പതനായിരക്കണക്കിന് സിറ്റി ആരാധകരെ സാക്ഷിയാക്കി 23ാം മിനിട്ടില്‍ ബെര്‍നാര്‍ഡോ സില്‍വയാണ് സിറ്റിക്ക് വേണ്ടി ആദ്യമായി ഗോള്‍ വല ചലിപ്പിച്ചത്. കെവിന്‍ ഡിബ്രുയ്‌ന്റെ അസിസ്റ്റില്‍ നിന്ന് മനോഹരമായ ഷോട്ടിലൂടെ സില്‍വ ലക്ഷ്യംകണ്ടു.
37ാം മിനിട്ടില്‍ വീണ്ടും സില്‍വയെത്തി. ഇത്തവണയും ലക്ഷ്യം പാളിയില്ല. ഇല്‍ക്കേ ഗുണ്ടോഗന്‍ പോസ്റ്റിലേക്ക് അടിച്ച പന്ത് ഗോള്‍കീപ്പറുടെ ദേഹത്തു തട്ടി സില്‍വയിലേക്ക്. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ലീഡ് നില 2-0 ആക്കി. 76ാം മിനിട്ടില്‍ റയലിനെ വിറപ്പിച്ച് മൂന്നാമത്തെ ഗോളും സിറ്റി നേടി. ഡിബ്രുയ്‌നെടുത്ത ഫ്രീകിക്കിന് മാനുവേല്‍ അകാഞ്ചി തലവച്ചുക്കൊടുത്തു. സ്‌കോര്‍ 3-0. ഇതിനിടെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ റയല്‍ പിണഞ്ഞ് ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധ നിരയെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 91ാം (അധിക സമയം) മിനിട്ടില്‍ റയലിന്റെ മേല്‍ അവസാന ആണിയും സിറ്റി അടിച്ചിറക്കി. ഇത്തവണ ജൂലിയന്‍ അല്‍വാരെസായിരുന്നു ഗോള്‍ സ്‌കോറര്‍. എര്‍ലിങ് ഹാളണ്ടിന് പകരം 89ാം മിനിട്ടില്‍ ഇറങ്ങിയ അല്‍വാരെസിന് അസിസ്റ്റ് ലഭിച്ചത് മറ്റൊരു പകരക്കാരനായ ഫില്‍ഫോഡനില്‍ നിന്നാണ്. ഇതോടുകൂടി ഇരുപാദങ്ങളിലുമായി 5-1ന്റെ ലീഡില്‍ സിറ്റി വിജയിച്ചു. ഇത് രണ്ടാം തവണയാണ് സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്. 2021ല്‍ അവര്‍ ചെല്‍സിയോട് പരാജയപ്പെടുകയായിരുന്നു.