ഡല്‍ഹി പഞ്ച്

ഡല്‍ഹി പഞ്ച്

പഞ്ചാബിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി

ധരംശാല: അവസാന ഓവറില്‍ വലിയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചെങ്കിലും ഭദ്രമായി തന്നെ ഇഷാന്ത് ശര്‍മ ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചു. പഞ്ചാബ് കിങ്‌സിനെ 15 റണ്‍സിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ 33 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് സ്‌ട്രൈക്കര്‍ എന്‍ഡില്‍ മികച്ച ഫോമിലുള്ള ലിയാം ലിവിംഗ്‌സ്റ്റണായിരുന്നു. മൂന്ന് വിക്കറ്റായിരുന്നു പഞ്ചാബിന് ബാക്കിയുണ്ടായിരുന്നത്. ഇഷാന്തിന്റെ ആദ്യപന്തില്‍ ലിവിംഗ്‌സറ്റണിന് റണ്‍സൊന്നും നേടാനായില്ല. ഡല്‍ഹി ക്യാമ്പില്‍ ആശ്വാസം. അടുത്ത് അഞ്ച് പന്തിലും തുടരെ സിക്‌സ് നേടിയാലും പവഞ്ചാബിന് ജയിക്കാനാവില്ല. ഇഷാന്തിന്റെ രണ്ടാം പന്തില്‍ സിക്‌സും മൂന്നാമത്തെ പന്തില്‍ ഫോറും ലിവിംഗ്‌സ്റ്റണ്‍ നേടി. ഇനി മൂന്ന് പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ 22 റണ്‍സ് വേണം. അസാധ്യം.

ഡല്‍ഹി വിജയം ഉറപ്പിച്ച നിമിഷം. ഇവിടെയാണ് ചെറിയൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. ഇഷാന്തിന്റെ അടുത്തപന്തും ലിവിംഗസ്റ്റണ്‍ അതിര്‍ത്തി കടത്തി. എന്നാല്‍ ആ പന്ത് നോബോളായിരുന്നു. ഏഴ് റണ്‍സ് ആ ഒരൊറ്റ ഡെലിവറിയില്‍ നിന്ന് ലഭിച്ചു. ജയിക്കാനിനി മൂന്ന് പന്തില്‍ 16 റണ്‍സ്. പഞ്ചാബ് ക്യാമ്പില്‍ നേരിയ പ്രതീക്ഷ. എന്നാല്‍ അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളുകളായി. ഡല്‍ഹി ജയം ഉറപ്പിച്ചു. അവസാന പന്തില്‍ അക്ഷറിന് ക്യാച്ച് നല്‍കി ലിവിംഗ്സ്റ്റണ്‍ മടങ്ങുമ്പോള്‍ അയാള്‍ 48 പന്തില്‍ 94 റണ്‍സ് നേടിയിരുന്നു. മുഴുവന്‍ പ്രതീക്ഷയും കൈവിട്ട ഒരു ടീമിനെ അയാള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. വീരോചിതമായിരുന്നു ആ ഇന്നിങ്‌സ്. അഞ്ച് ഫോറും ഒമ്പത് സിക്‌സും ആ ഇന്നിങ്‌സിന് മിഴിവേകി. 214 റണ്‍സെന്ന വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യാനിറങ്ങിയ പഞ്ചാബ് നിരയില്‍ ലിവിംഗ്സ്റ്റണിനൊപ്പം 55 റണ്‍സെടുത്ത അഥര്‍വ ടൈഡെ മാത്രമേ തിളങ്ങിയുള്ളൂ. മറ്റുള്ളവരെല്ലാവരും നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടാനെ അവര്‍ക്കായുള്ളൂ. ഡല്‍ഹിക്ക് വേണ്ടി ഇഷാന്ത് ഷര്‍മയും ആന്റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കവേണ്ടി ക്രീസിലിറങ്ങിയ അവരുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 47 റണ്‍സ് മാത്രം നേടിയ പൃഥ്വിഷാ തന്റെ മടങ്ങിവരവ് ഗംഭീരമാക്കി. 38 പന്തില്‍ 54 റണ്‍സാണ് പൃത്വി നേടിയത്. വാര്‍ണറിനൊപ്പം ആദ്യവിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 31 പന്തില്‍ 46 റണ്‍സെടുത്ത വാര്‍ണറെ സാം കറന്റെ പന്തിന്‍ മിന്നും ക്യാച്ചെടുത്ത് ശിഖര്‍ധവാന്‍ പറഞ്ഞയച്ചെങ്കിലും തുടര്‍ന്ന ക്രീസിലെത്തിയ റീലി റൂസ്സോ പഞ്ചാബ് ബൗളര്‍മാര്‍ക്ക് നിലംതൊടാന്‍ അവസരം കൊടുത്തില്ല. 37 പന്തില്‍ ആറ് വീതം സിക്‌സിന്റേയും ഫോറിന്റേയും അകമ്പടിയോടെ 82 റണ്‍സുമായി റൂസോ പുറത്താകാതെ നിന്നു. ഫില്‍ സാള്‍ട്ട് 14 പന്തില്‍ 26* റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഡല്‍ഹി നേടിയത്. സാം കറനാണ് ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. റീലി റൂസോയാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *