ചാലക്കര പുരുഷു
തലശ്ശേരി: പഠന കാലത്തെ തന്റെ പ്രിയ ഗുരുനാഥയെ കാണാന്‍ ഉപരാഷ്ട്രപതി 22ന് താഴെ ചമ്പാട്ടെത്തുന്നു. കാര്‍ഗില്‍ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തില്‍ രത്ന നായര്‍ എന്ന തന്റെ മുന്‍ അധ്യാപികയെ കാണാനാണ് ജഗദീപ് ധന്‍കര്‍ എത്തുന്നത്. ഞായറാഴ്ച മുതല്‍ ചമ്പാടും പരിസരവും വന്‍ സുരക്ഷാവലയത്തിലാവും. മോക്ഡ്രില്ലും നടക്കും.
ആരാലും ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന ടീച്ചറെ കാണാന്‍ മാധ്യമ പ്രവര്‍ത്തകരും ഉന്നത പോലിസ് ഉദ്യോഗസ്ഥരുമെത്തിയത് പൊടുന്നനെയായിരുന്നു. ഒറ്റദിവസം കൊണ്ടാണ് ടീച്ചര്‍ വി.വി.ഐ.പിയായി മാറിയത്. 1968ല്‍ രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക സ്കൂളില്‍ വച്ചാണ് ജഗദീപ് ധന്‍കറെ രത്നനായര്‍ പഠിപ്പിച്ചത്. അന്നു മുതല്‍ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മില്‍. ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാനായില്ലെന്ന് ടീച്ചര്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കന്, എളിമയുള്ളവന്, ഗുരുഭക്തിയുള്ളവന്‍, പ്രായത്തില്‍ കവിഞ്ഞ പക്വത പുലത്തുന്നവിദ്യാര്ഥി മഹാനായ ശിഷ്യന്റെ പഠന കാലത്തെ ഓര്‍മ്മകള്‍ പുതുക്കി ടീച്ചര്‍ പറഞ്ഞു.
22ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സെക്രട്ടറിയേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്ക് വരിക . ചീഫ് സെക്രട്ടറിയുടെ ഓഫീസിന് പോലും ഉപരാഷ്ട്രപതിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് വിവരമില്ലായിരുന്നു.
ചൊവ്വാഴ്ചയാണ് സന്ദര്‍ശനോദ്ദേശ്യം പുറത്തുവന്നത്. പോലിസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം താഴെ ചമ്പാട്ടെ വസതിയിലെത്തി രത്ന നായര്‍ ടീച്ചറെ കണ്ടു. ചെണ്ടയാട് നവോദയ സ്കൂള്‍ പ്രിന്സിപ്പളായിരിക്കെയാണ് രത്ന നായര്‍ വിരമിച്ചത്. ഞായറാഴ്ച മുതല്‍ ചമ്പാടും പരിസരത്തും എന്‍.എസ്.ജി കമാന്‍ഡോകള്‍ നിലയുറപ്പിക്കും 30വര്‍ഷം രാജസ്ഥാനില്‍ സേവനമനുഷ്ഠിച്ച രത്നാ നായര്‍ വിരമിച്ച് എട്ടുവര്‍ഷക്കാലം എറണാകുളം നവോദയ സ്കൂളില്‍ ജോലി ചെയ്തു. ഹൂം സര്‍വീസ് പരിഗണിച്ച് കണ്ണൂരിലെ ചെണ്ടയാട് നവോദയ സ്ക്കൂള് പ്രിന്‍സിപ്പലായി നിയമിക്കുകയായിരുന്നു. മോക്ഡ്രില്ലും നടക്കും.