തലശ്ശേരി: 2021-22 വര്‍ഷത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന എക്സലന്റ് അവാര്‍ഡ് സംസ്ഥാനതലത്തില്‍ കതിരൂര്‍ ബാങ്ക് സാരഥികള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി. റോഷി അഗസ്റ്റിനില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. സഹകരണ മേഖലയില്‍ സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി സാന്നിധ്യമറിയിച്ച സ്ഥാപനമാണ് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 71 അവാര്‍ഡുകളാണ് ബാങ്കിനെ തേടിയെത്തിയത്.
കേരള ബാങ്കിന്റെ ഒന്നാം സ്ഥാനവും എന്‍.സി.ഡി.സിയുടെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ഇതില്‍ പ്രധാനപ്പെട്ടവയാണ്. ധനകാര്യ സ്ഥാപനം എന്നതിലുപരി ബാങ്ക് ഏറ്റെടുത്തു നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഈ അംഗീകാരം ബാങ്കിന് ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തും കായികരംഗത്തും കാര്‍ഷികരംഗത്തും ബാങ്ക് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെല്ലാം മഹനീയവും മാതൃകാപരവും ആയിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ താരങ്ങളുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയില്‍ കുട്ടികള്‍ പരിശീലനം നടത്തി വരുന്നു. കിടപ്പുരോഗികളെ സഹായിക്കാന്‍ ഓക്‌സി കോണ്‍സുലേറ്റര്‍ അടക്കം എല്ലാ ഉപകരണങ്ങളും നല്‍കുന്ന ദയ സഹകരണ സാന്ത്വന കേന്ദ്രം, സഹകരണ രംഗത്ത് കേരളത്തിലാദ്യമായി നടപ്പിലാക്കിയ മള്‍ട്ടി ജിം & ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുട്‌ബോള്‍-ക്രിക്കറ്റ് മരക്കാന ടര്‍ഫ്, പെയിവ് ദ എര്‍ത്ത് സെയിവ് ദ ഹെല്‍ത്ത് സെയിവ് ദ മണി എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച സൈക്കിള്‍ ക്ലബ്ബും വേറിട്ടതാണ്.
‘മണ്ണില്ലെങ്കിലെന്താ മട്ടുപ്പാവ് മതി’ എന്ന ബാനറില്‍ ആരംഭിച്ച മട്ടുപ്പാവ് കൃഷിക്ക് പലിശ രഹിത വായ്പയാണ് ബാങ്ക് നല്‍കിവരുന്നത്. ബാങ്കിന്റെ കീഴിലെ 32 കര്‍ഷക ഗ്രൂപ്പുകളും വിവിധതരം കൃഷി നടത്തി സമൂഹത്തിലടപെട്ടുവരുന്നു. ഡയാലിസിസ് രോഗികള്‍ക്ക് മാസത്തില്‍ 1000 രൂപ പെന്‍ഷന്‍ ബാങ്ക് നല്‍കി വരുന്നുണ്ട്. 11000 പുസ്തകങ്ങള്‍ അടങ്ങിയ സ: കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറി, ന്യൂ കലവറ സൂപ്പര്‍മാര്‍ക്കറ്റ്, മില്‍കാബ് മെഡിക്കല്‍ ലാബ്, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, വളം ഡിപ്പോ, പച്ചക്കറി ചന്ത, എണ്ണമയമില്ലാത്ത ഭക്ഷണ കേന്ദ്രം എന്നിവയെല്ലാം ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്.