മര്‍കസ് ഖുര്‍ആന്‍ അക്കാദമി പഠനാരംഭം

മര്‍കസ് ഖുര്‍ആന്‍ അക്കാദമി പഠനാരംഭം

കോഴിക്കോട്: മര്‍കസിലെ ഖുര്‍ആന്‍ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ക്യാമ്പസുകളിലെ പഠനാരംഭം ‘അല്‍ ഫാത്തിഹ്’ പ്രൗഢമായി. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഖുര്‍ആനിലെ ആദ്യ അധ്യായമായ ‘സൂറത്തുല്‍ ഫാത്തിഹ’ ഓതികൊടുത്ത് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പഠനാരംഭം കുറിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠന മേഖലയില്‍ മര്‍കസിന് കീഴില്‍ 26 ക്യാമ്പസുകള്‍ നിലവിലുണ്ട്. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കേരള സിലബസ് സ്‌കൂള്‍ പഠനത്തോടൊപ്പവും സി.ബി.എസ്.ഇ പഠനത്തോടൊപ്പവും ഖുര്‍ആന്‍ മനഃപാഠമാക്കാനും പാരായണ മികവ് നേടാനും ഈ ക്യാമ്പസുകളില്‍ സംവിധാനമുണ്ട്. പഠനകാലത്തും ശേഷവും വിദ്യാര്‍ഥികള്‍ ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിനും ഖുര്‍ആന്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനും ഇവിടെ വിവിധ പരിശീലനങ്ങള്‍ നല്‍കുന്നു. പഠനാരംഭ ചടങ്ങില്‍ വിവിധ ക്യാമ്പസുകളിലെ 820 വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഹാഫിള് അബൂബക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഹാഫിള് അബ്ദുസ്സമദ് സഖാഫി ആശംസകള്‍ നേര്‍ന്നു. ഹാഫിള് അബ്ദുനാസര്‍ സഖാഫി, ഹനീഫ് സഖാഫി കാരന്തൂര്‍, ഹാഫിള് സൈനുല്‍ ആബിദ് സഖാഫി സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *