പുതുച്ചേരി: പുതിയ അധ്യയന വര്‍ഷം പുതുശ്ശേരി, കാരിക്കല്‍, മാഹി , യാനം എന്നീപ്രദേശങ്ങളില്‍ സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതുച്ചേരി യൂണിയന് ടെറിട്ടറിയില്‍പ്പെട്ട സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് ട്രെയിനിങ് നല്കി. ട്രെയിനിങ് സെഷന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ.നമശിവായം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ പ്രിയദര്‍ശിനി, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയരക്ടര്‍ ശിവകാമി , ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സുഗുണ സുകൃത ഭായ് , പുതുശ്ശേരി സി.ഇ.ഒ ധനസല് വന്നെഹ്റു, കാരിക്കല്‍ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയരക്ടര്‍ രാജേശ്വരി , മാഹി ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ ഉത്തമരാജ് മാഹി എന്നിവര്‍ സംസാരിച്ചു.
ഒന്നു മുതല്‍ അഞ്ചുവരെ മാഹി മേഖലയിലടക്കം സി.ബി.എസ്.ഇ സിലബസാണ് നിലവിലുള്ളത്. പുതിയ അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് മുതല്‍ ഒമ്പത് വരെയും പ്ലസ് വണ്‍ ക്ലാസിലുമാണ് സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ അതുപോലെതന്നെ നിലനില്‍ക്കുന്നതാണ്. സമീപഭാവിയില്‍ എസ്.എസ്.എല്‍.സിയും പ്ലസ്ടുവും സി.ബി.എസ്.ഇ സിലബസിന്റെ ഭാഗമായി മാറും. അതുപോലെ സ്വകാര്യ വിദ്യാലയങ്ങളും അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇയിലേക്ക് മാറേണ്ടിവരും.