പിശക് പറ്റിയെന്ന് വിശദീകരണം
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ പേര് പട്ടികയില്‍ ചേര്‍ത്തത് വിവാദമായതോടെ പട്ടിക തിരുത്തി കോളജ്. യുയുസിയുടെ പേര് നല്‍കിയതില്‍ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിന്‍സിപ്പല്‍ കേരള സര്‍വകലാശാലയെ അറിയിച്ചു.
യുയുസി ആയി ജയിച്ച അനഘക്ക് പകരം കോളേജില്‍ നിന്ന് നല്‍കിയത് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. വിവാദമായപ്പോള്‍ പിശക് എന്നുപറഞ്ഞു തടി ഊരാന്‍ ആണ് പ്രിന്‍സിപ്പലിന്റെ ശ്രമം. സര്‍വകലാശാല തെരഞ്ഞെടുപ്പ് നടപടിയില്‍ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല. പ്രിനിസിപ്പലിനോട് അടിയന്തരമായി നേരിട്ട് ഹാജരാകാന്‍ കേരള സര്‍വകലാശാല ആവശ്യപ്പെട്ടു.
ആള്‍മാറാട്ടം നടത്തിയത് സംബന്ധിച്ച് നിരവധി പരാതികളാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളേജില്‍ ഡിസംബര്‍ 12നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോമല്‍, അനഘ എന്നിവരാണ് ഇവിടെ നിന്ന് ജയിച്ചത്. കൗണ്‍സിലറുടെ പേരുകള്‍ കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയപ്പോഴാണ് അനഘയുടെ പേര് മാറ്റിയത്.