ചാലക്കര പുരുഷു
മാഹി: പന്ത്രണ്ട് വര്‍ഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി മാറിയിരിക്കുകയാണ്. മാഹി ഉള്‍പ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ജനകിയ സ്വഭാവം നഷ്ടപ്പെടുകയും, ഉദ്യോഗസ്ഥ ഭരണത്തില്‍ ബ്യൂറോക്രസി അരങ്ങ് തകര്‍ക്കുകയും ചെയ്യുമ്പോള്‍, പ്രതിവര്‍ഷം കേന്ദ്ര വിഹിതമായി കിട്ടേണ്ട കോടികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇതാകട്ടെ മയ്യഴിയുടെ വികസനത്തെയാകെ പ്രതികൂലമായി ബാധിക്കുകയുമാണ്.
നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പുനടന്നത്. പ്രമുഖ അഭിഭാഷകനായ അഡ്വ: ടി. അശോക് കുമാറിന്റെ സുപ്രീം കോടതി വരെയെത്തിയ നിയമ പോരാട്ടത്തിലുടെയായിരുന്നു ഇത് സാധ്യമായത്. 2006ല്‍ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ കാലാവധി അവസാനിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ 12 വര്‍ഷങ്ങളായി ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പു നടത്താതിരിക്കുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താത്തത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഡ്വ: അശോക് കുമാര്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയതിനെ തുടര്‍ന്ന് 2021 ഒക്ടോബര്‍ മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ, 2011ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തെരഞ്ഞെടുപ്പു നടത്താത്തതിനാല്‍ പുതുച്ചേരിയിലെ സി.പി.എം നേതാവ് കൂടി കോടതിയിലെത്തുകയും തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍,സംവരണ വാര്‍ഡുകള്‍ വിഭജിച്ചതില്‍ അപാകതയുണ്ടെന്ന് കാണിച്ച്, രംഗസാമി സര്‍ക്കാരിന്റെ കാലത്ത് പുതുച്ചേരി മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്സണ്‍ (എന്‍.ആര് കോണ്‍ഗ്രസ്സ് ) കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാരായണസാമി സര്‍ക്കാര്‍ വന്നപ്പോഴും തെരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തിയില്ല. വീണ്ടും കേസ് സുപ്രീം കോടതിയിലെത്തി.
ഈ കേസില്‍ അഡ്വ: അശോക് കുമാറും കക്ഷി ചേര്‍ന്നിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍, തെരഞ്ഞെടുപ്പു നടത്താന്‍ വീണ്ടും സുപ്രീം കോടതി ഉത്തരവിട്ടു. ഡോ.കിരണ്‍ബേദി ലെഫ്: ഗവര്‍ണറായിരിക്കേ മലയാളിയായ റോയി പി .തോമസിനെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു.സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയം അടുത്തെത്തിയിട്ടും, തെരഞ്ഞെടുപ്പു നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അഡ്വ:അശോക് കുമാര്‍ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു.
ഹരജിയില്‍ 2021 ഒക്ടോബര്‍ മാസം തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി വിധിയുണ്ടായി. അതോടെ, തെരഞ്ഞെടുപ്പു നടത്താനുള്ള പ്രക്രിയകള്‍ വേഗത്തിലാവുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ തെരഞ്ഞെടുപ്പ് നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. ത്രിതല പഞ്ചായത്തിന്റെ അധികാരങ്ങളൊന്നും തന്നെ മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതേ വരെ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭയാണ് ഫ്രഞ്ച് ഭരണകാലത്ത് രൂപീകരിക്കപ്പെട്ട മയ്യഴി, മെറി (മുന്സിപ്പാല് കാര്യാലയം) പുതുച്ചേരിയിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മുനിസിപ്പാല്‍ പ്രദേശം തന്നെയാണ് ഒരു നിയമസഭാ മണ്ഡലവും. എം.എല്‍.എ മാരുടേയും മന്ത്രിമാരുടേയും കൈവശമുള്ള അധികാരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാലാണ് രാഷ്ട്രീയ പാര്‍ട്ടികളും വൈമുഖ്യം കാട്ടുന്നതത്രെ. കേരളത്തിലെ നഗരസഭകള്‍ വന്‍തോതില്‍ വികസനം കൈവരിച്ചുകൊണ്ടിരിക്കെ നഗര മുത്തശ്ശിയായ മയ്യഴി മരിച്ചു കൊണ്ടിരിക്കുകയാണ്.