മാഹി: ആത്മവിജ്ഞാനം എന്ന തത്വചിന്ത ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ അന്ധകാരത്തിലായിരുന്നപ്പോള്‍ ഉല്‍കൃഷ്ടമായ തത്വചിന്ത വച്ചുപുലര്‍ത്തിയവരായിരുന്നു ഭാരതീയര്‍. വിശ്വാസത്തേക്കാള്‍ വിജ്ഞാനമായിരുന്നു ഭാരതീയന്റെ മുതല്‍ക്കൂട്ട് എന്ന് ഡോക്ടര്‍ ഭാസ്‌കരന്‍ കാരായി അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സംഘടിപ്പിച്ച വിചാരസദസ്സില്‍ ആത്മവിജ്ഞാനവും ആധുനികവിജ്ഞാനവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാധ്യായത്തിലൂടെ ഭാരതീയര്‍ ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനമായ ആത്മവിജ്ഞാനം. ആധുനിക വിജ്ഞാനം ഭാരതീയരുടെ ധര്‍മ്മാനുഷ്ടാനങ്ങള്‍ക്കുള്ളിലാണ്. ആത്മവിജ്ഞാനം ആധുനികവിജ്ഞാനങ്ങള്‍ക്കുമപ്പുറത്താണെന്ന് സാരം അദ്ദേഹം പറഞ്ഞു. മാഹി ശ്രീനാരായണ ബി.എഡ് കോളജില്‍ നടന്ന പരിപാടിയില്‍ എന്‍.സി. സത്യനാഥന്‍ അധ്യക്ഷം വഹിച്ചു. വിജയന്‍ പൂവ്വച്ചേരി സ്വാഗതം പറഞ്ഞു. അഡ്വ. പ്രസീന ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.