അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, കാലിക വിഷയങ്ങള്‍: കുടുംബശ്രീ രജത ജൂബിലി 15, 16 തിയതികളില്‍

അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, കാലിക വിഷയങ്ങള്‍: കുടുംബശ്രീ രജത ജൂബിലി 15, 16 തിയതികളില്‍

തിരുവനന്തപുരം: അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന കുടുംബശ്രീ രജത ജൂബിലി, കാലിക വിഷയാവതരണവും ക്രിയാത്മക സംവാദങ്ങളും ഉയരുന്ന വേറിട്ട പാനല്‍ ചര്‍ച്ചകള്‍ക്ക് വേദിയാകും. രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ വനിതകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍ 15,16 തിയതികളിലായി പുത്തരിക്കണ്ടം മൈതാനത്താണ് അരങ്ങേറുക. വ്യത്യസ്തങ്ങളായ ജീവിത മണ്ഡലങ്ങളില്‍ സമൂഹത്തിന് പ്രചോദനമാകും വിധം പ്രവര്‍ത്തിക്കുന്ന വനിതകളെ പരിചയപ്പെടാനും അവരുമായി ആശയ സംവാദം നടത്താനും കുടുംബശ്രീ വനിതകള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാഗ്‌സാസെ പുരസ്‌കാര ജേതാവ് അരുണാ റോയി, പത്മശ്രീ പുരസ്‌കാര ജേതാക്കളായ കെ.വി റാബിയ, ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ എം.പിമാരായ സുഭാഷിണി അലി, അഡ്വ.സി.എസ് സുജാത, മേയര്‍ ആര്യാ രാജേന്ദ്രന്‍, സേവ ബസാര്‍ ഡയരക്ടര്‍ സ്മിതാ ബെന്‍ ഭട്ട്‌നഗര്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സി.എസ് ചന്ദ്രിക, ഖദീജ മുംതാസ്, ഇന്ത്യയില്‍ ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും ആദ്യമായി പൈലറ്റായ ആദം ഹാരി തുടങ്ങി നിരവധി പ്രമുഖ വനിതകള്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച കുടുംബശ്രീ വനിതകളും വേദി പങ്കിടും.

‘കല-ആത്മാവിഷ്‌കാരത്തിനും സാമൂഹിക മാറ്റത്തിനുമുള്ള മാധ്യമം’, ‘വനിതാ സംരംഭകര്‍: സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തികള്‍’, ‘കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയല്‍: പോരാട്ടം-സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കൂട്ടായ പ്രവര്‍ത്തനം’, ‘കാലാവസ്ഥാ വെല്ലുവിളികള്‍: സാമൂഹിക സംവിധാനമെന്ന നിലയില്‍ സ്ത്രീ കൂട്ടായ്മയുടെ പങ്ക്’, ‘ഔദ്യോഗിക ചട്ടക്കൂടുകള്‍ക്കപ്പുറം സ്വജീവിതം പൂര്‍ണമായി കണ്ടെത്തല്‍’, ‘സ്ത്രീകൂട്ടായ്മകള്‍ പ്രവര്‍ത്തന ക്ഷമമാക്കല്‍: സാമൂഹിക കാഴ്ചപ്പാടും നിയമ സംവിധാനങ്ങളും’, ‘സാമൂഹിക ഉള്‍ച്ചേര്‍ക്കലിലേക്കുള്ള ചുവട് വയ്പ്: സ്ത്രീകൂട്ടായ്മകളുടെ പ്രതീക്ഷകളും പ്രതിസന്ധികളും’ തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡോ.ഷര്‍മ്മിള മേരി ജോസഫ്, റൂറല്‍ ഡി.ഐ.ജി ആര്‍.നിശാന്തിനി, ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ.നിര്‍മല സാനു ജോര്‍ജ്, മാധ്യമ പ്രവര്‍ത്തക രേഖാ മേനോന്‍, രാഷ്ട്രീയ ലേഖിക ലിസ് മാത്യു, ആക്ടിവിസ്റ്റ് ശ്യാമ എസ്.പ്രഭ എന്നിവര്‍ മോഡറേറ്റര്‍മാരാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *