ബംഗളൂരു: കര്‍ണാടകയില്‍ വ്യക്തമായ ലീഡ് നില തുടര്‍ന്ന് കോണ്‍ഗ്രസ്. 121 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. നിലവില്‍ ഭരണം കൈയ്യാളുന്ന ബി.ജെ.പി 69 സീറ്റുകളിലും ജെ.ഡി.എസ് 26 സീറ്റുകളിലും മറ്റുള്ളവര്‍ എട്ട് സീറ്റുകളിലും മുന്നിലാണ്. ദേശീയതലത്തില്‍ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം എന്ന നിലിയിലും കര്‍ണാടക തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടംനേടി. 10 തവണയാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പര്യടനം നടത്തിയത്. ബംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള പതിനേഴ് പ്രധാന മണ്ഡലങ്ങള്‍ വഴി മെഗാ റോഡ് ഷോ മോദി നയിച്ചിരുന്നു. ‘ദ കേരള സ്റ്റോറി’യെന്ന വിവാദ സിനമയെ പോലും മോദി തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കി. മൈസൂര്‍-ബാംഗ്ലൂര്‍ ഹൈവേ ഉള്‍പ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദഘാടനം ചെയ്തു. മുസ്ലിം സംവരണം എടുത്തു കളയലും ഹിജാബ് വിഷയവും തെരഞ്ഞെടുപ്പില്‍ വിഷയമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മോദി മാജിക് സംഭവിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നത്. വോട്ടെണ്ണല്‍ തുടരുമ്പോള്‍ ബി.ജെ.പിയെക്കാള്‍ ഏഴ് ശതമാനം വോട്ട് അധികം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് 36 ശതമാനവും കോണ്‍ഗ്രസിന് 43 ശതമാനവും ജെ.ഡി.എസ് 13 ശതമാനം വോട്ടുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.