കൊല്‍ക്കത്തക്കെതിരേ രാജസ്ഥാന് ഒമ്പത് വിക്കറ്റ് വിജയം. യശസ്വി ജയ്സ്വാള്‍ (98*) വിജയശില്പി
കൊല്‍ക്കത്ത: രാജസ്ഥാന്റെ യശസ്സ് വാനോളം ഉയര്‍ത്തുകയാണ് യശസ്വി ജയ്സ്വാള്‍. ഓരോ മത്സരം കഴിയുമ്പോഴും ആവനാഴിയിലെ ഓരോ അസ്ത്രങ്ങളും എതിരാളികള്‍ക്കു നേരെ പ്രയോഗിക്കുകയാണയാള്. മാസ്മരികം എന്നുമാത്രമേ അയാളുടെ കളി കാണുമ്പോള്‍ പറയാന്‍ കഴിയുകയുള്ളൂ. ആക്രമണോത്സുകത മുഖമുദ്രയാക്കിയെടുത്ത ജയ്സ്വാളിന്റെ ബലത്തില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് തരിപ്പണമാക്കി രാജസ്ഥാന് റോയല്‍സ്. ഒമ്പത് വിക്കറ്റും 41 ബോളും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ജയിച്ചുകയറിയത്. ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ച സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു രാജസ്ഥാന് ബൗളര്‍മാരുടെ പ്രകടനം. 42 പന്തില്‍ 57 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ ഒഴികെ മറ്റാരേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ആര്.ആറിന്റെ ബൗളര്‍മാര്‍ സമ്മതിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അവര്‍ കൊല്‍ക്കത്തയുടെ ബാറ്റ്സ്മാന്മാരുടെമേല് സമര്‍ദം ഉയര്‍ത്തി.
മുന്നില്‍ നിന്ന് നയിച്ചത് യുസ്വേന്ദ്ര ചഹല്‍ തന്നെയായിരുന്നു. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. ഇതിനോടൊപ്പം പുതിയൊരു റെക്കോര്‍ഡും അദ്ദേഹം തന്റെ പേരിലാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറി ചഹല്‍. 161 മത്സരങ്ങളില്‍ നിന്ന് 183 വിക്കറ്റുകള്‍ നേടിയ ഡ്വെയിന്‍ ബ്രാവോയുടെ റെക്കാര്‍ഡാണ് പഴങ്കഥയായത്. ചഹല്‍ 143 മത്സരങ്ങളില്‍ നിന്ന് 187 വിക്കറ്റുകള്‍ നേടി. ആര്.ആറിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ടും സന്ദീപ് ശര്‍മയും കെ.എം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് കെ.കെ.ആര് നേടിയത്. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാനുവേണ്ടി ജയ്സ്വാള്‍ ആദ്യ ഓവറില്‍ തന്നെ നയം വ്യക്കതമാക്കി.
കെ.കെ.ആര് ക്യാപ്റ്റന്‍ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്സും മൂന്നും ഫോറും ഉള്‍പ്പെട 26 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. അടുത്ത് ഏഴ് പന്തില്‍ 24 റണ്‍സും കൂടി നേടി ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി തന്റെ പേരിലാക്കി. 14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലി(2018)നേയും പാറ്റ് കമ്മിന്(2022)സിനേയുമാണ് ജയ്സ്വാള്‍ മറികടന്നത്. 13 പന്തിലായിരുന്നു ജയ്സ്വാളിന്റെ അര്‍ധസെഞ്ചുറി പിറന്നത്. പവര്‍പ്ലേയില്‍ 78 റണ്‍സ് നേടി റോയല്‍സിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇതിനിടെ റണ്ണൊന്നുമെടുക്കാതെ ജോസ് ബട്ലര് മടങ്ങിയെങ്കിലും ജയ്സ്വാളിന് കൂട്ടായി സഞ്ജു എത്തിയതോടെ രാജസ്ഥാന് അനായാസമായി ജയിച്ചു കയറി. 47 പന്തില്‍ 12 ഫോറിന്റേയും അഞ്ച് സിക്സിന്റേയും അകമ്പടിയോടെ 98* റണ്‍സ് ജയ്സ്വാള്‍ നേടയിപ്പോള്‍ അഞ്ച് സിക്സിന്റേയും രണ്ട് ഫോറിന്റേയും അകമ്പടിയോടെ 29 പന്തില്‍ 48* റണ്‍സ് നേടി സഞ്ജു ക്യാപ്റ്റന്റെ റോള്‍ ഗംഭീരമാക്കി. 13.1 ഓവറില്‍ റോയല്‍സ് ലക്ഷ്യംകണ്ടു. ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയത്തോടുകൂടി പോയിന്റ് ടേബിളില്‍ മൂന്നാമതെത്താനും റോയല്‍സിനായി.