ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; താനൂര്‍ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; താനൂര്‍ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

കൊച്ചി: താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ബോട്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദി. സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും ചോദിച്ചു. ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പോലിസ് മേധാവിയും കലക്ടറും പോര്‍ട്ട് ഓഫീസറും എതിര്‍ കക്ഷികളാകും. ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം 12 നകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിയമത്തെ ഭയപ്പെടുന്ന ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

‘കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരും എല്ലാം മറക്കുകയാണ്’, കോടതി പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം സമാന സംഭവം ആവര്‍ത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ 11 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *