യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസ്: ആറ് പേര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം

യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസ്: ആറ് പേര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി പിരിച്ചതില്‍ നിന്നും 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. മൂന്ന് കോടി രൂപയുടെ ആരോപണമാണ് ദേശീയ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്നത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിവ് ലഭിച്ചത് 1.80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ്. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നഴ്‌സുമാരില്‍ നിന്ന് മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം സംഘടനാ ഭാരവാഹികള്‍ ഫ്‌ളാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തല്‍. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരിലാണ് ഫ്‌ളാറ്റും കാറും വാങ്ങിയത്. ക്രമക്കേട് കണ്ടെത്താതിരിക്കാന്‍ ഓഫിസ് രേഖകളില്‍ കൃത്രിമം നടത്തിയെന്നും ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനയുടെ പണം ഭാരവാഹികള്‍ സ്വന്തം കൈകളിലാക്കിയെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പല ഘട്ടത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടന്നതോടെ കോടതി ഇടപെലുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരെയും പല ഘട്ടത്തില്‍ മാറ്റി. കേസെടുത്ത് അഞ്ചു വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *