തേനി: ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ തമ്പടിക്കുന്നതായി തമിഴ്നാട് വനം വകുപ്പ്. അഞ്ചുദിവസത്തോളമായി മേഘമലയിലുള്ള അരിക്കൊമ്പന് ശിവക്ഷേത്രത്തിന് സമീപമുള്ള ചോലക്കാട്ടില്‍ തമ്പടിച്ചതായി വനംവകുപ്പ് വ്യക്തമാക്കുന്നു. രണ്ട് ദിവസം മുമ്പ് കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയ ആനയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കിയിരുന്നു. രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് തേനി ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
മേഘമലയെ പുതിയ ആവാസകേന്ദ്രമായി അരിക്കൊമ്പന് കരുതുന്നുവെങ്കില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. ചോലക്കാടും തേയിലത്തോട്ടങ്ങളുമുള്പ്പെടെ ചിന്നക്കനാലിന് സമാനമായ പരിസ്ഥിതിയാണ് മേഘമലയിലേതെന്നും അതിനാല്‍ അരിക്കൊമ്പന് മേഘമല താവളമാക്കാനുള്ള സാധ്യത കൂടുതലുമാണെന്നും വിദഗ്ധര്‍ പറയുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയും മേഘമലയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുമാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്.