കോടികളുടെ വരുമാനം
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ ആദ്യ ആഴ്ചയിലെ വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നത്. ഈ റൂട്ടിലുള്ള യാത്രയ്ക്ക് വേണ്ടിയാണ് ഏറ്റവുമധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകളാണ് പുറത്തുവിട്ടത്. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തില്‍ ലഭിച്ചത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്.
തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലെ ടിക്കറ്റ് വരുമാനം-ഏപ്രില്‍ 28: 19.5 ലക്ഷം രൂപ, ഏപ്രില്‍ 29: 20.30 ലക്ഷം, ഏപ്രില്‍ 30: 20.50 ലക്ഷം,മെയ് 1: 20.1 ലക്ഷം രൂപ, മെയ് 2: 18.2 ലക്ഷം രൂപ, മെയ് 3: 18 ലക്ഷം രൂപ . തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രതിദിന ശരാശരി കളക്ഷന്‍ 18 ലക്ഷം രൂപയാണ്. ഏപ്രില്‍ 28 മുതല്‍ മെയ് മൂന്ന് വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളില്‍ പുറത്തുവരും. ഏപ്രില്‍ 25 ാം തിയതി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്.
വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകള്‍ വൈകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിനുകള്‍ വൈകുന്നില്ലെന്നാണ് ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നത്. വന്ദേ ഭാരത് കൃത്യസമയവും വേഗവും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസര്‍കോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയല്‍ റണ്ണിലെ സമയം സര്‍വീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും റെയില്‍വേ വ്യക്തമാക്കി.