ജമ്മു: പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന് ത്രിനേത്ര’ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷന് ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തി ഏറ്റുമുട്ടല്‍ നടക്കുന്ന കാണ്ടി വനമേഖലയിലെ സ്ഥിതി വിലയിരുത്തി.
ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടു. ണ്ട് ഹിമാചല്‍ സ്വദേശികളും, ജമ്മു, ബംഗാള്‍, ഉത്തരാഖണ്ഡ് സ്വദേശികളുമായ ഓരോ സൈനികരും ആണ് വീരമൃത്യു വരിച്ചത്. ലാന്‍സ് നായിക് രുചിന്‍ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), പാരാട്രൂപ്പര്‍ സിദ്ധാന്ത് ചെത്രി (പശ്ചിമ ബംഗാള്‍), നായിക് അരവിന്ദ് കുമാര്‍ (ഹിമാചല്‍ പ്രദേശ്), ഹവില്‍ദാര്‍ നീലം സിംഗ് (ജമ്മു കശ്മീര്‍), പാരാട്രൂപ്പര്‍ പ്രമോദ് നേഗി (ഹിമാചല്‍ പ്രദേശ്) എന്നിവരാണ് വീരമൃത്യു വരിച്ചത്.
അതിനിടെ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി വെടിക്കൊപ്പുകളും കണ്ടെടുത്തതായും ഓപ്പറേഷന് തുടരുന്നു എന്നും സൈന്യം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയില്‍ പരസ്പരം വെടിവെപ്പ് തുടരുകയാണ്.