മുന്‍ എം.എല്‍.എ നബീസ ഉമ്മാള്‍ അന്തരിച്ചു

മുന്‍ എം.എല്‍.എ നബീസ ഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കേരളത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആദ്യ മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു നബീസ ഉമ്മാള്‍.
എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാള്‍. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു.1986ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വീസില്‍നിന്നും വിരമിച്ചത്.

1987 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. 1991ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം.വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *