മാലിന്യമുക്ത കേരളത്തിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 37321 കേന്ദ്രങ്ങളിലും പരിസരങ്ങളിലും 6,13 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
തിരുവനന്തപുരം: വൃത്തിയുള്ള കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന് കരുത്തേകി 46 ലക്ഷം വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ സംവിധാനമൊന്നാകെ ഒരുമിക്കുന്നു. 6, 13 തീയതികളിലാണ് എല്ലാ കുടുംബശ്രീ ഓഫീസകളിലും അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിന്റെ ഭാഗമായി ആറിന് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന് ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സൂക്ഷ്മസംരംഭ യൂണിറ്റുകളും ഉള്‍പ്പെടെ 37321 കേന്ദ്രങ്ങളിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
13ന് കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, 46 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങള്‍ എന്നിവരുടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കും. ഇവിടെ തരംതിരിക്കുന്ന മാലിന്യം ഫലപ്രദമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത ശുചീകരണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടാകെ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ക്യാമ്പെയ്നിന്റെ ഉദ്ദേശം. സംസ്ഥാനം നേരിടുന്ന രൂക്ഷമായ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതോടൊപ്പം ആരോഗ്യപൂര്‍ണമായ ശുചിത്വ കേരളം സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിനായി 1070 സി.ഡി.എസുകള്‍, 19470 എ.ഡി.എസുകള്‍, മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍, 28387 ബാലസഭകള് എന്നിവ ഉള്‍പ്പെടെയുള്ള കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനമൊന്നാകെ കൈകോര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഇതോടൊപ്പം ക്യാമ്പെയ്നിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ സംസ്ഥാന കോര്‍ ടീമിലേക്ക് കുടുംബശ്രീയിലെ മുന്നൂറിലേറെ പ്രൊഫഷണല്‍സും സന്നദ്ധ സേവനത്തിനായി രംഗത്തുണ്ട്. ഇവര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനവും ലഭ്യമാക്കി. മാലിന്യ നിര്‍മാര്‍ജനവും സംസ്കരണവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ ‘ഞങ്ങള്‍ പ്രശ്നത്തോടൊപ്പമല്ല, പരിഹാരത്തോടൊപ്പം’എന്ന ടാഗ്ലൈനോടു കൂടി പ്രചരിപ്പിക്കും. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന് ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
ക്യാമ്പെയ്നിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ‘ശുചിത്വോത്സവം’ ക്യാമ്പെയ്നും സംസ്ഥാനത്ത് ശക്തമായി മുന്നേറുകയാണ്. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവില്‍ 28387 ബാലസഭകളിലെ 3.9 ലക്ഷം അംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യ നിര്‍മാര്‍ജനവും സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള ഗൃഹസന്ദര്‍ശനം. പോസ്റ്റര്‍ നിര്‍മാണം, പക്ഷി നിരീക്ഷണം, വാനനിരീക്ഷണം, വീടുകളില്‍ പക്ഷികള്‍ക്ക് വെളളമൊരുക്കുക എന്നിവയാണ് ബാലസഭാംഗങ്ങള് നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.