കീവ് : ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട എന്ന റഷ്യന്‍ ആരോപണം നിഷേധിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളാഡിമിര്‍ സെലന്‍സ്‌കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ റഷ്യ തന്നെയാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നല്‍കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകള്‍ റഷ്യ തകര്‍ത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈന്‍ ശ്രമം എന്നാണ് റഷ്യന്‍ ആരോപണം. എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രസിഡന്റും ഔദ്യോഗികവസതിയായ ക്രെംലിന്‍ കൊട്ടാരവും പൂര്‍ണ്ണ സുരക്ഷിതമാണ്. ആസൂത്രിത ഭീകരാക്രമണമാണ് യുക്രൈന്‍ നടത്തിയതെന്നും റഷ്യ ആരോപിച്ചിരുന്നു. ആക്രമണത്തിന്റേതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ”കഴിഞ്ഞ ദിവസം രാത്രി, കീവ് ക്രെംലിന്‍ കൊട്ടാരത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചു. രണ്ട് ആളില്ലാ വിമാനങ്ങള്‍ ക്രെംലിന്‍ ലക്ഷ്യമാക്കി എത്തി. സൈന്യവും പ്രത്യേക സേനകളും സമയബന്ധിതമായി സ്വീകരിച്ച നടപടികളുടെ ഫലമായി വിമാനങ്ങള്‍ നിഷ്‌ക്രിയമാക്കി” പുടിന്റെ ഓഫീസ് പറഞ്ഞു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യുക്രൈന്‍ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ല,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു. മോസ്‌കോയില്‍ ഡ്രോണ്‍ വിക്ഷേപണം നിരോധിച്ചു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡ്രോണുകളെ മാത്രമേ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുകയുള്ളു എന്നും മോസ്‌കോ മേയര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട് യുക്രൈന്‍ ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളെ അയച്ചെന്നായിരുന്നു റഷ്യയുടെ ആരോപണം. ക്രെംലിന്‍ കൊട്ടാരത്തിന്റെ പരിസരത്ത് പുക ഉയരുന്നതിന്റെയും അവിടേക്ക് ഡ്രോണ്‍ എത്തുന്നതിന്റെയും മറ്റും വീഡിയോ റഷ്യന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.