മൊഹാലി: ഹോംഗ്രൗണ്ടില്‍ പഞ്ചാബിനോടേറ്റ തോല്‍വിക്ക് തിരിച്ച് പകരം വീട്ടി മുംബൈ ഇന്ത്യന്‍സ്. 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാരായ തിലക് വര്‍മയുടേയും നെഹാല്‍ വധേരയുടേയും മിഡില്‍ സ്റ്റംപ് ഒടിച്ച അര്‍ഷ്ദീപ് സിംഗിനെ ഇത്തവണ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ തിരച്ചുപിടിച്ച് ആക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തില്‍ തിലക് വര്‍മയുടെ 102 മീറ്റര്‍ കൂറ്റന്‍ സിക്‌സിലൂടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200ലേറെ സ്‌കോര്‍ പിന്തുടര്‍ന്ന് മിംബൈ ജയിക്കുന്നത്. 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിന്റേത് ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു പഞ്ചാബ് ബൗളറുടെ ഏറ്റവും മോശം ബൗളിങ് പ്രകടനമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സിന് തുടക്കത്തില്‍ തന്നെ പ്രഭ്‌സിമ്രാ(9)നെ നഷ്ടമായി. ശിഖര്‍ ധവാ(30)നും മാറ്റ് ഷോര്‍(27)ട്ടും രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും മടങ്ങിയെങ്കിലും തുടര്‍ന്നുവന്ന ലിയാം ലിവിംഗ്‌സ്റ്റണും ജിതേഷ് ശര്‍മയും കത്തിക്കയറിയപ്പോള്‍ മുംബൈ ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. ഇരുവരുടേയും വേര്‍പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 119 റണ്‍സാണ് പിറന്നത്. ലിവിംഗ്സ്റ്റണ്‍ 42 പന്തില്‍ 82ഉം ജിതേഷ് 27 പന്തില്‍ 49 റണ്‍സും നേടി പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് പഞ്ചാബ് നേടിയത്. മുംബൈക്ക് വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റുകള്‍ നേടി. മുംബൈയുടെ മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടാരം കയറി. എന്നാല്‍ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലായിരുന്നു കാമറൂണ്‍ ഗ്രീനിനൊത്ത് കിഷന്‍ മുംബൈ സ്‌കോര്‍ പെട്ടെന്നുയര്‍ത്തി. 23 റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ മടങ്ങിയെങ്കിലും ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് കിഷന് മികച്ച പിന്തുണ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്തു. കിഷന്‍ 41 പന്തില്‍ 75 റണ്‍സും സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 66 റണ്‍സും നേടി മടങ്ങിയെങ്കിലും തിലക് വര്‍(26*)മയും ടിം ഡേവി(19*)ഡും മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു. പഞ്ചാബിന് വേണ്ടി നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്‍ കിഷനാണ് കളിയിലെ താരം.