ബ്രഹ്‌മപുരത്ത് ചിലവായത് 1.14 കോടി രൂപ; കോര്‍പ്പറേഷന് 90 ലക്ഷം

ബ്രഹ്‌മപുരത്ത് ചിലവായത് 1.14 കോടി രൂപ; കോര്‍പ്പറേഷന് 90 ലക്ഷം

എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തം അണയ്ക്കാന്‍ ചിലവായത് 1.14 കോടി രൂപ. ഇതില്‍ കൊച്ചി കോര്‍പറേഷന് ചെലവായത് 90 ലക്ഷം രൂപ. കൂടാതെ മെഡിക്കല്‍ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാന്‍ മേല്‍നോട്ടം വഹിച്ച ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്‌മപുരത്ത് തീപിടിച്ചത്. 12 ദിവസം എടുത്താണ് തീ അണച്ചത്. ഈ വര്‍ഷം മൂന്നാം തവണയാണ് മാലിന്യപ്ലാന്റില്‍ തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഏകദേശം 12,800 മുതല്‍ 13,000 ടണ്‍ വരെ ചാരമുണ്ടായിട്ടുണ്ടാകാമെന്നാണ് പഠന റിപ്പോര്‍ട്ട്.

മണ്ണുമാന്തിയന്ത്രങ്ങള്‍, ഫ്‌ളോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍, ലൈറ്റുകള്‍ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകള്‍, ഓപ്പറേറ്റര്‍മാരുടെ കൂലി, മണ്ണ് പരിശോധന, താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്ലറ്റുകള്‍, ഭക്ഷണം എന്നീ ചെലവുകളാണ് കോര്‍പ്പറേഷന്‍ വഹിച്ചത്. ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കല്‍ ക്യാംപിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ ചിലവായത്. മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *