കണ്ണൂര്‍: സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയായ കേരളാ പ്രവാസി അസോസിയേഷ(കെ.പി.എ)ന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ കെ.പി.എ ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങള്‍ ഇതുവരെ ഇവര്‍ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂര്‍.
നാല് കിലോമീറ്റര്‍ മണലില്‍ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇന്‍ ബീച്ചുകളില്‍ ഒന്നായി ബി.ബി.സി 2016ല്‍ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉള്‍പ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂര്‍ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോര്‍ട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബീന സുനില്‍, രൂപേഷ് പുല്ലാഞ്ഞിയോടന്‍, മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഇക്ബാല്‍ (പ്രസിഡന്റ്), അശോക് കുമാര്‍ (വൈ.പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടന്‍ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സെക്രട്ടറി), മനോജ് കുമാര്‍ (ട്രഷറര്‍), ആബിദ ഫക്രുദീന്‍ (ജോ. ട്രഷറര്‍) എന്നിവരടങ്ങിയ 19 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കണ്ണൂരില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികള്‍ വിദേശത്തേക്ക് കണ്ണൂരില്‍ നിന്നും 68 സര്‍വീസുകള്‍ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എ പ്രമേയം പാസാക്കി. കെ.പി.എയുടെ 1000 ഭവന പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളര്‍ന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി,പ്രവാസി ജോബ്‌സ്‌ന് രൂപം നല്‍കിയിട്ടുണ്ട്.