കൊച്ചി: കോതാട്- ചേന്നൂര്‍ പാലം യാഥാര്‍ത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരുഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍വിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി.
1918 മുതല്‍ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ ഭാഗമാണ് വികസനത്തിനു വേണ്ടി വിട്ടുകൊടുത്തത്. 42 കുടുംബ കല്ലറകളും 73 മറ്റു കല്ലറകളുമുള്ള സെമിത്തേരിയുടെ വലിയൊരു ഭാഗമാണ് ഇത്തരത്തില്‍ വിട്ടുകൊടുക്കുന്നത്. അവശേഷിപ്പുകള്‍ പുതിയ കല്ലറകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യകാലത്ത് പിഴലയില്‍ നിന്നുള്ളവരും കോതാട് സെമിത്തേരിയിലാണ് സംസ്കരിക്കപ്പെട്ടിരുന്നത്. മാറ്റി സ്ഥാപിക്കുമ്പോള്‍ ആകെ 186 കല്ലറകളാണ് ഒരുക്കുന്നത് എന്ന് ഇടവക വികാരി ഫാ.മാര്ട്ടിന് തൈപ്പറമ്പില്‍, സഹവികാരി ഫാ. എഡിസണ് വില്ലനശ്ശേരി എന്നിവര്‍ അറിയിച്ചു.