കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രോണിക് ഓട്ടോറിക്ഷ വാങ്ങിയവര്‍ ദുരിതത്തിലായതായി ഉപഭോക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് പുറത്തിറക്കിയ 90 ഓട്ടോകളില്‍ 20ല്‍ താഴെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ളവ ആവശ്യത്തിന് സര്‍വീസ് ലഭിക്കാത്തതിനാല്‍ കട്ടപ്പുറത്താണ്. ജില്ലകളില്‍ ഉണ്ടായിരുന്ന ഡീലര്‍മാര്‍ അവരുടെ ഷോറൂമുകള്‍ പൂട്ടി പോയിട്ടുണ്ട്. 90, 120 കിലോമീറ്ററുകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 50 കിലോമീറ്ററില്‍ താഴെ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. വാഹനത്തിനാവശ്യമായ സര്‍വീസ് കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നല്‍കാറില്ല. വാഹനത്തിന്റെ ബാറ്ററി ട്രിച്ചിയിലുള്ള ജാക്സണ് കമ്പനിയാണ് വിതരണം ചെയ്തത്. അവരുമായി ബന്ധപ്പെടുമ്പോള്‍ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് പണം നല്‍കാനുണ്ടെന്നും സര്‍വീസ് തരാനാവില്ലെന്നുമാണ് അറിയിക്കുന്നത്.
കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറെയോ ഉദ്യോഗസ്ഥന്മാരെയോ വിളിച്ചാല്‍ ഫോണെടുക്കില്ല. നിത്യജീവിതത്തിന് കുടുംബം പുലര്‍ത്താന്‍ സര്‍ക്കാരിന്റെ വാക്ക് കേട്ടാണ് വണ്ടികള്‍ വാങ്ങിയത്. സര്‍വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ വാഹനം വാങ്ങാന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവുന്നില്ല. കടംകയറി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ജില്ലകളില്‍ ആവശ്യമായ സര്‍വീസ് സെന്റര്‍ ആരംഭിക്കണം. അല്ലാത്തപക്ഷം വാഹനം സര്‍ക്കാര്‍ തിരിച്ചെടുത്ത് കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കണം. നിര്‍ത്തിയിട്ട വാഹനത്തിന്റെ ലോണടക്കാന്‍ മറ്റ് ജോലി ചെയ്ത് പ്രതിദിനം 350, 400 രൂപ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. 3.20 ലക്ഷം മുതല്‍ 4.88 ലക്ഷം വരെ രൂപ ലോണെടുത്താണ് വണ്ടികള്‍ വാങ്ങിയിട്ടുള്ളത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും ഇടപ്പെടണമെന്നവര് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അക്ബര്‍അലി, സി.കെ മോഹനന്, പ്രസാദ് കെ.എം, മുഹമ്മദ് താമരശ്ശേരി, മുഹമ്മദ് അക്ബര്‍, ബിന്ദു എന്നിവര്‍ പങ്കെടുത്തു.