ലഖ്നൗവിനെതിരേ ആര്.സി.ബിക്ക് 18 റണ്‍സ് വിജയം
ലഖ്നൗ: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗവിനോടേറ്റ പരാജയത്തിന് പകരംവീട്ടുകമാത്രമല്ല അന്ന് ബംഗളൂരുവിലെ കാണികളോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ച ഗൗതം ഗംഭീറിനും ടീമിനും അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു കിങ് കോലി. അഗ്രസീവ് ക്രിക്കറ്റിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ലോകക്രിക്കറ്റില്‍ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ കോലിയുടെ പ്രകടനം. മത്സരത്തിന്റെ ഓരോ നിമഷത്തിലും എതിരാളികളെ സ്ലെഡ്ജ് ചെയ്യുകയും ഫീല്‍ഡില്‍ ആക്രമണോത്സുക പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത കോലിയെയാണ് ഇന്നലെ കാണാനായത്.
മത്സര ശേഷം ലഖ്നൗ താരം നവീനും കോച്ച് ഗംഭീറുമായുള്ള കോലിയുടെ വാക്കേറ്റം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കെടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന മറുപടിയാണ് കഴിഞ്ഞ ദിവസ കോലി ലഖ്നൗ ടീമിനാകെ നല്‍കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്.സി.ബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഡുപ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ക്ക് മാത്രമാണ് കാര്യമായ സംഭവന നല്‍കാനായത്. ലഖ്നൗവിന് വേണ്ടി നവീന്‍ ഉള് ഹഖ് മൂന്നും നേടിയ അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 108 റണ്‍സിന് ലഖ്നൗ ഓള് ഔട്ടായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനേറ്റ പരുക്ക് ലഖ്നൗവിന് തിരിച്ചടിയായി. രാഹുല്‍ അവസാനക്കാരനായാണ് ക്രീസില്‍ എത്തിയത്. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്‍. ആര്.സി.ബിക്ക് വേണ്ടി ജോഷ് ഹാസല്‍വുഡും കരണ്‍ ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഫാഫ് ഡുപ്ലെസിയാണ് കളിയിലെ താരം.